കണ്ണൂർ:എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വധിച്ച കേസിന്റെ വിചാരണ തലശേരി സെഷൻസ് കോടതിയിൽ നിന്നു കൊച്ചിയിലേക്ക് മാറ്റാൻ സി.ബി.ഐ ഹർജി നൽകിയേക്കും. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്.
കേസ് കൊച്ചിയിലേക്ക് മാറ്റാൻ സി.ബി.ഐ തയ്യാറല്ലെങ്കിൽ ഈ ആവശ്യമുന്നയിച്ച് തങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ അഭിഭാഷകൻ കെ. എ. ലത്തീഫ് പറഞ്ഞു. കേസ് കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് അരിയിലും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
അതേസമയം എം. എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പ്രതികളായ കേസുകൾ അതത് ജില്ലകളിൽ തന്നെ വിചാരണ ചെയ്യണമെന്ന സുപ്രീം കോടതിയുടെ ഉത്തരവും നിലവിലുണ്ട്. അങ്ങനെയായാൽ രാജേഷിനെതിരായ കേസിന്റെ വിചാരണ കണ്ണൂർ ജില്ലയിൽ തന്നെ നടത്തേണ്ടി വരും.
ലോക്കൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കടന്ന കേസിലാണ് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. രണ്ട് അന്വേഷണ ഏജൻസികളും രണ്ട് കുറ്റപത്രവുമുള്ള ഷുക്കൂർ വധക്കേസ് വിചാരണ എവിടെ നടക്കുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. സി.ബി.ഐ അഡിഷണൽ എസ്.പി. ഹരികുമാറിന്റെ സംഘമാണ് തലശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ആർ. എസ്. എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ ഏറെ നാൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് കൊച്ചി സി.ബി. ഐ കോടതിയിലേക്ക് മാറ്റിയത്.