നീലേശ്വരം: കശുഅണ്ടിക്ക് സർക്കാർ തറവില നിശ്ചയിക്കാത്തതിനാൽ കർഷകർ യഥാർത്ഥ വില ലഭിക്കാതെ ദുരിതത്തിൽ.
കഴിഞ്ഞവർഷം കശുഅണ്ടി വിളയുടെ തുടക്കത്തിൽ 150 രൂപവരെ കിലോയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിൽ തന്നെ 110 ഉം 120 ഉം രൂപയാണ് ഒരു കിലോവിന് കിട്ടുന്നത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം കശുഅണ്ടി വിളകുറഞ്ഞതിനാൽ നല്ല വില കിട്ടുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ വർഷം കച്ചവടക്കാർ അവർക്ക് തോന്നിയ വിലയാണ് കർഷകർക്ക് നൽകുന്നത്. സർക്കാർ കശുഅണ്ടിക്ക് തറവില നിശ്ചയിക്കാത്തതിനാൽ വ്യാപാരികൾക്ക് തോന്നിയപോലെ വില കൂട്ടാനും കുറക്കാനും അവസരമൊരുക്കുകയാണ്. ഒരു മഴ പെയ്താൽ കച്ചവടക്കാർ ഇപ്പോൾ കൊടുക്കുന്ന വിലയുടെ പകുതി മാത്രമെ കർഷകർക്ക് നൽകുകയുള്ളു.
കാസർകോട്, കണ്ണർ ജില്ലകളിലാണ് ഗുണമേന്മയുള്ള കശുഅണ്ടി ഉത്പാദിപ്പിക്കുന്നത്. കശുഅണ്ടിക്ക് ഗുണമേന്മയുണ്ടെങ്കിലും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. റബറിനും കുരുമുളകിനും അടക്കയ്ക്കും വില കുറഞ്ഞതിനാൽ ഏക പ്രതീക്ഷ കർഷകർക്ക് കശുഅണ്ടിയിലായിരുന്നു. റബ്ബറിന് വില കുറഞ്ഞതോടെ മിക്ക കർഷകരും റബ്ബർമരം വെട്ടിമാറ്റി വീണ്ടും കശുമാവ് കൃഷിയിലേക്ക് മടങ്ങി വരികയാണ്. എന്നാൽ കശുഅണ്ടിക്കും യഥാർത്ഥ വില ലഭിക്കാത്തതിനാൽ കർഷകർ നിരാശയിലാണ്.