കണ്ണൂർ-തൊഴിലാളി കൂട്ടായ്മയിലൂടെ വളർന്ന് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെട്ട കേരള ദിനേശ് ബീഡിയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന വിവിധങ്ങളായ പരിപാടികൾ ആവിഷ്‌കരിച്ചതായി സംഘാടക സമിതി ചെയർമാൻ കെ.പി. സഹദേവൻ, ജനറൽ കൺവീനർ സി. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് പ്രാഥമിക സംഘം ഹെഡ് ഓഫീസിലും 105 ശാഖകളിലും തൊഴിലാളികൾ ദിനേശ് പതാക ഉയർത്തും. വരും ദിവസങ്ങളിൽ അനുബന്ധ പരിപാടികളും നടക്കും. മാർച്ച് 9ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീഡി മുതലാളിമാർ കേരളത്തിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെയാണ് ദിനേശ് ബീഡി സഹകരണ സംഘം 1969ൽ കണ്ണൂരിൽ ഉദയം കൊള്ളുന്നത്. കേരള ദിനേശ് ബീഡി വർക്കേഴ്‌സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് വളർച്ചയുടെ പടവുകൾ മുന്നേറുകയായിരുന്നു.

വ്യവസായ വകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർ ജി.കെ. പണിക്കരായിരുന്നു എക്‌സിക്യൂട്ടീവ് ചെയർമാൻ. പിന്നീട് 20 പ്രാഥമിക സഹകരണ സംഘങ്ങൾ അഫിലിയേറ്റ്‌ചെയ്ത കേന്ദ്രസംഘം പിറന്നു. 1980കളിൽ 22 പ്രാഥമിക സംഘങ്ങളും 42,000 തൊഴിലാളികളുമായി വളർച്ചയുടെ പടവുകൾ കയറിയ സംഘം തൊണ്ണൂറുകളുടെ മധ്യത്തോടെ കടുത്ത പ്രതിസന്ധിയിലായി. 35000 തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആറായിരം പേർ മാത്രമാണുള്ളത്.

ജി. കെ. പണിക്കരുടെ നേതൃത്വത്തിൽ വൈവിധ്യവത്ക്കരിച്ചതോടെ 1997ൽ ദിനേശ് ഫുഡ്‌സും '99ൽ ദിനേശ് ഇൻഫർമേഷൻ ടെക്‌നോളജി സിസ്റ്റംസും 2000ൽ ദിനേശ് കുടയും 2007ൽ ദിനേശ് അപ്പാരൽസും സജ്ജമായി. ഭക്ഷ്യസംസ്‌കരണത്തിൽ കറിപ്പൊടികളും അച്ചാറും തേയിലയുമായിരുന്നു ആദ്യം. കണ്ണൂരിലെ കാഞ്ഞിരയിലെ കറിപൗഡർ യൂണിറ്റ്, തോട്ടടയിൽ ഭക്ഷ്യസംസ്‌കരണ ഫാക്ടറി, ചാലാട് തേയില ഫാക്ടറി എന്നിവ തുറന്നു. മൂന്നിടത്തുമായി നൂറിലധികം തൊഴിലാളികൾ. ഭക്ഷ്യയൂണിറ്റുകളിൽനിന്ന് ആറു കോടിയാണ് വാർഷിക വിറ്റുവരവ്. സംശുദ്ധിയും വിശ്വാസ്യതയും മുഖമുദ്രയാക്കിയ ദിനേശിന് വർഷങ്ങളായി അസോസിയേറ്റഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ ഫെയർ ബിസിനസ് പ്രാക്ടീസ് അവാർഡ് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കേഷനായ എച്ച്.എ.സി.സി.പി ഉൾപ്പെടെ അനേകം അംഗീകാര മുദ്രകളും സ്വന്തം. നാളികേര സംസ്‌കരണവും ഇതിനിടെ ആരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തേങ്ങാപ്പാൽ കയറ്റുമതിചെയ്യുന്ന പ്രമുഖ സ്ഥാപനവുമാണ് ഇന്ന്. ബേബി ഓയിൽ, വെർജിൻ വെളിച്ചെണ്ണ, മുടികൊഴിച്ചിൽ തടയാനുള്ള ലോങ് ആൻഡ് സ്‌ട്രോങ് ഓയിൽ, തേങ്ങാപ്പൊടി, ലഡു, തേങ്ങാചിപ്‌സ് തുടങ്ങിയ ഉൽപന്നങ്ങളും വിപണിപ്രിയം. ദിനേശ് ഐടി സോഫ്റ്റ് വെയർ വലിയ സാധ്യതകളാണ് തുറന്നിടുന്നത്. കോർ ബാങ്കിങ് സോഫ്റ്റുവെയറുകളുടെയും എടിഎം മെഷീനുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയിലുടനീളം വിതരണംചെയ്യുന്നുണ്ട്.