തളിപ്പറമ്പ്:ഭക്ഷ്യസാധനങ്ങൾ കടകളിലെത്തിച്ച് തൂക്കി നൽകണമെന്ന ഹൈക്കോടതി വിദി അട്ടിമറിച്ചെന്നാരോപിച്ച് ഓൾ കേരളാ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ തളിപ്പറമ്പ് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറവക്കിലെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫിസ് ഉപരോധിച്ചു. വിധി നടപ്പിലാക്കുന്നതിന് അധിക തുക കരാറുകാരന് അനുവദിച്ചിട്ടും അമിത ലാഭം കൊയ്യുന്നതിന് ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാതെയും കൂലി വർദ്ധിപ്പിക്കാതെയും കരാറുകാരൻ അലംഭാവം കാണിക്കുകയാണ്. സാധനമിറക്കുമ്പോൾ വരുന്ന കുറവ് പരിഹരിക്കാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. റേഷൻ വ്യാപാരികളുടെ നഷ്ടത്തെക്കുറിച്ച് പറയുമ്പോൾ കരാറുകാരനും ഉദ്യോഗസ്ഥരും വ്യാപാരികളെ സമ്മർദത്തിലാക്കി അരി തൂക്കാതെ ഇറക്കുകയാണെന്നും ഓൾ കേരളാ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആരോിച്ചു. ഉപരോധ സമരം ജില്ലാ സെക്രട്ടറി ടി.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പി. ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ.എ ആന്റണി, എം.സി രമേശൻ, പി. തമ്പാൻ, സി.എ.ബാബുരാജേന്ദ്രൻ, പി.ആർ സുഭാഷ് എന്നിവർ സംസാരിച്ചു.