പയ്യന്നൂർ: ഡി.വൈ.എഫ്.ഐ. പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 16മത് കൂത്ത്പറമ്പ് രക്തസാക്ഷി സ്മാരക ഫുട്‌ബോൾ ടൂർണ്ണമെന്റ് 15 മുതൽ മാർച്ച് 3 വരെ പയ്യന്നൂർ ഗവ:ബോയ്സ് ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 15 ന് വൈകീട്ട് 5ന് സി.പി.എം.ഏരിയ സെക്രട്ടറി കെ.പി.മധു ഉദ്ഘാടനം ചെയ്യും. സുൾഫെക്‌സ് മാട്രസ് ബ്രദേഴ്‌സ് വൾവക്കാടും ഗ്രേറ്റ് കവ്വായിയും തമ്മിലാണ് ഉദ്ഘാടന മത്സരം. കണ്ണൂർ ,കാസർകോട് ജില്ലകളിലെ പ്രശസ്തരായ ഷട്ടേഴ്‌സ് പടന്ന, എം.ആർ.സി.എഫ്.സി. എടാട്ടുമ്മൽ, റെഡ്‌ഫോഴ്‌സ് കെയൊങ്കര, ടൗൺ തൃക്കരിപ്പൂർ, കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഷബാബ്ബ് പയ്യന്നൂർ തുടങ്ങി 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.ഇന്ത്യൻ താരങ്ങൾക്കും സംസ്ഥാന താരങ്ങൾക്കും ഒപ്പം അറുപതോളം വിദേശ കളിക്കാരും വിവിധ ടീമുകളിൽ എത്തുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് 5.15 ന് മത്സരങ്ങൾ ആരംഭിക്കും. പയ്യന്നൂരിൽ ഒരു ഫുട്‌ബോൾ ടീമിനെ ഉണ്ടാക്കി എടുക്കുക, കുട്ടികൾക്ക് ഫുട്‌ബോളിൽ പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ടൂർണ്ണമെന്റ് ആരംഭകാലത്ത് ഉണ്ടായിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനായി പയ്യന്നൂരിൽ ഫുട്‌ബോൾ അക്കാഡമി രൂപീകരിച്ച് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്. പെൺകുട്ടികളടക്കം 80 കുട്ടികൾക്കാണ് തുടക്കത്തിൽ പരിശീലനം നൽകുന്നത്. ഇങ്ങിനെ പരിശീലനം ലഭിച്ച കുട്ടികളുടെ ഫുട്‌ബോൾ മത്സരം എല്ലാ ദിവസവും പ്രധാന കളിക്ക് മുമ്പായി നടക്കും. 20 രൂപ സമ്മാന കൂപ്പൺ നൽകിയാണ് മത്സരത്തിന് വേണ്ട സാമ്പത്തിക മാർഗം കണ്ടെത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.ഫൈനൽ ദിവസം നടക്കുന്ന മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഹീറോ സ്‌പ്ലെണ്ടർ പ്ലസ് ബൈക്കും രണ്ടാം സമ്മാനമായി 32 ' എൽ.ഇ.ഡി.ടി.വിയും മൂന്നാം സമ്മാനമായി സ്മാർട്ട് ഫോണും
എന്നിവ നൽകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.വിശ്വനാഥൻ, ജനറൽ കൺവീനർ കെ.രവീന്ദ്രൻ, കൺവീനർ ബി.ബബിൻ, ട്രഷറർ സി.വി.ദിലീപൻ, കെ.കെ.കൃഷ്ണൻ, എം.മുഹമ്മദ്, ബാലകൃഷ്ണൻ കണ്ടോത്ത് തുടങ്ങിയവർ സംബന്ധിച്ചു .


കളിയാട്ട മഹോത്സവം 16മുതൽ
കാർത്തികപുരം: പൂവൻചാൽ ശ്രീ പുതിയഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം 16മുതൽ 18വരെ നടക്കും. 16ന് മാവുംതട്ട് ധർമ്മശാസ്താക്ഷേത്രമന്ദിരത്തിൽ നിന്നും പൂവൻചാൽ കാർത്തികോദയം ഭജനമന്ദിരത്തിൽ നിന്നും വൈകുന്നേരം ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.വൈകിട്ട് ആറിന് ദേവിസന്നിധിയിൽ സമർപ്പണം. 17ന് രാവിലെ ആറിന് കരിഞ്ചാമുണ്ഡിയമ്മയ്ക്ക് കലശം.തുടർന്ന് കലശമഹോത്സവം.രാത്രി 11.30ന് പൂവൻചാൽ കാർത്തികോദയം ഭജനമന്ദിരത്തിൽ നിന്നും കാഴ്ചവരവ്.18ന് പുലർച്ചെ ഒന്നിന് വീരൻ തെയ്യത്തിന്റെ പുറപ്പാട്.3.30ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. പുലർച്ചെ അഞ്ചിന് പുതിയഭഗവതിയമ്മയുടെ തിരുപ്പുറപ്പാട്. രാവിലെ എട്ടിന് ഗുളികൻ പുറപ്പാട്. എട്ടരയ്ക്ക് ഭദ്രകാളിയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. രണ്ടിന് ആറാടിക്കൽ. കരിയടിക്കൽ ചടങ്ങോടെ ഉത്സവസമാപനം. ഫോൺ:9400695993.