ഇരിട്ടി: ആർ.എസ് എസ് പ്രവർത്തകനും പേരാവൂർ ഐ.ടി .ഐ വിദ്യാർത്ഥിയുമായ കണ്ണവം ആലപ്പറമ്പിൽ ശ്യാമപ്രസാദിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയും പോപ്പുലർ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ സെക്രട്ടറിയുമായ നിർവേലിയിലെ നന്നോറ അസ്‌കർ (32) കൂത്തുപറമ്പ് കോടതിയിൽ ഇന്നലെ കീഴടങ്ങി .ഒളിവിൽ പോയ അസ്‌കറിന് എതിരായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതിനിടെയാണ് കീഴടങ്ങൽ. കൊലപാതക ആസൂത്രണം മുതൽ എല്ലാ കാര്യത്തിലും അസ്‌കറിന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കേസിൽ പതിമൂന്ന് പ്രതികളാണുളളത് . മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്. 2018 ജനുവരി 19ന് കാക്കയങ്ങാട് ഐ.ടി ഐ യിൽ നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ശ്യാമപ്രസാദിനെ കൊമ്മേരിയിലെ ഒരു വീടിന്റെ വരാന്തയിലിട്ട് വെട്ടികൊലപ്പെടുത്തിയത്. അസ് റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പേരാവൂർ സി.ഐ കെ.വി. പ്രമോദ് പറഞ്ഞു