കാസർകോട്: വിശ്വഹിന്ദിദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്രസർവകലാശാല ഹിന്ദി വിഭാഗത്തിൽ ത്രിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കം. വൈസ് ചാൻസിലർ ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗോവ സർവകലാശാല ഹിന്ദിവിഭാഗം അദ്ധ്യക്ഷൻ പ്രൊഫ. രവീന്ദ്രനാഥ മിശ്ര, എഴുത്തുകാരനും ജാമിയ മിലിയ സർവകലാശാലയിലെ റിട്ട. പ്രൊഫസറുമായ അസഹർ വജാഹത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി വകുപ്പ് അദ്ധ്യക്ഷ ഡോ. സുധാബാലകൃഷ്ണൻ, ഭാഷാതാരതമ്യവിഭാഗം ഡീൻ ഡോ. എൻ. അജിത്കുമാർ, ഡോ. ധർമേന്ദ്ര പ്രതാപ് സിംഗ്, ഹിന്ദി ഓഫീസർ ഡോ. ടി. കെ. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഉദയ ക്ളബ്ബ് വാർഷികം
തൃക്കരിപ്പൂർ: ചൊവ്വേരി ഉദയ സ്‌പോർട്സ് ആൻഡ് ആർട്സ് ക്ളബ്ബിന്റെ വാർഷികാഘോഷം മാർച്ച് മൂന്നിന് ചൊവ്വേരിയിൽ നടക്കും.രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികൾക്ക്ചിത്രരചന മത്സരം നടക്കും. വൈകീട്ട് ആറരക്ക് സാംസ്‌കാരിക സമ്മേളനം ഡോ. എ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരക്ക് ഉദയഗീതം ട്രാക് ചലച്ചിത്ര ഗാന മത്സരം. തുടർന്ന് ക്ലബ്ബ് കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. ഫോൺ: 9847931235 , 9496359453.
വ്യാപാരികളുടെ പ്രതിഷേധം
കാസർകോട്: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ വ്യാപാരികൾക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കാസർകോട് അണങ്കൂരിലെ ദേശീയപാത സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.ജെ. സജി, മാഹിന്ന് കോളിക്കര, കെ.ഐ. മുഹമ്മദ് റഫീഖ്, എ.കെ മൊയ്തീൻകുഞ്ഞി, ഹംസ പാലക്കി , കെ. മണികണ്ഠൻ, കെ. ചന്ദ്രാമണി, ഇല്ല്യാസ്, സി.എച്ച്. ഷംസുദ്ധീൻ, എന്നിവർ പ്രസംഗിച്ചു.
എം.ഡി.എം.എ മയക്കുമരുന്നുമായി
യുവാവ് അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി ഷഫീഖാ(33)ണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെ ആദൂർ കുണ്ടാറിൽ ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്നു മയക്കുമരുന്നാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷഫീഖ്. 12. 220 ഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. രണ്ട് പാക്കറ്റ് ഇയാൾ ധരിച്ചിരുന്ന ട്രാക് സ്യൂട്ടിന്റെ അരയിൽ ഒളിപ്പിച്ച നിലയിലും ബാക്കി സീറ്റിനടിയിൽവെച്ച ബാഗിൽ നിന്നുമാണ് പിടികൂടിയത്. ആദൂർ എസ്.ഐ. നിതിൻ ജോയും സംഘവും കാസർകോട് എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സ്വന്തം ഉപയോഗത്തിനാണ് ബംഗളൂരുവിൽ നിന്നും കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ
ഭർതൃ വീട്ടുകാർക്കെതിരെ കേസ്
കാസർകോട്: നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചാലക്കുന്നിലെ ഫാത്വിമത്ത് ഇർഫാനയുടെ പരാതിയിൽ ഭർത്താവ് ഉദുമ കരിപ്പോടിയിലെ മുഹമ്മദ് സാബിർ(31), മാതാവ് ഫാത്വിമ (48) എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2017 ജൂലൈ ഒമ്പതിനാണ് ഇർഫാനയും സാബിറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ഭർത്താവും ഭർതൃമാതാവും ചേർന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിനിടെ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഗർഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
ട്രെയിനിൽ മോഷണം പതിവാക്കി
യുവാവ് അറസ്റ്റിൽ
കാസർകോട്: ട്രെയിനിൽ മോഷണം പതിവാക്കിയ യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില സ്വദേശി ടോണി ജെയിംസ് എന്ന തവള ജോർജിനെ (25)യാണ് എസ്.ഐ. മധുമദനൻ അറസ്റ്റു ചെയ്തത്. ട്രെയിനുകളിൽ മോഷണം പതിവാക്കിയ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കാസർകോട്ട് നിന്നാണ് അറസ്റ്റു ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് യുവാവെന്നും പൊലീസ് പറഞ്ഞു. എ.എസ്.ഐ മുരളി, സിവിൽ പൊലീസ് ഓഫീസർമാരായ രമേശൻ, അശോകൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.