govt-boat-service

കണ്ണൂർ: റോഡുകളിലെ ഗതാഗതക്കുരുക്കു കാരണം കൂടുതൽ പേർ ആശ്രയിക്കാൻ തുടങ്ങിയതോടെ ബോട്ടുകളുടെ മുഖം മിനുക്കി ടൂറിസം ഫ്രണ്ട്‌ലി യാത്രകൾ ഒരുക്കുകയാണ് ജലഗതാഗത വകുപ്പ്. ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇരുപത് ഹൈടെക് ബോട്ടുകൾ മൂന്നുമാസത്തിനകം സർവീസിനൊരുക്കും. സ്വകാര്യ ബോട്ട് സർവീസുകൾ നിറുത്തലാക്കിയ റൂട്ടുകളും ഏറ്റെടുക്കും. കണ്ണൂരിലെ മാട്ടൂൽ - അഴീക്കൽ റൂട്ട് ഏറ്റെടുത്തു. വകുപ്പിലെ 60 ബോട്ടുകളിൽ പലതും പഴയതാണ്. ഇവയുടെ വേഗം കൂട്ടിയും മോടിപിടിപ്പിച്ചും വിദേശ ടൂറിസ്റ്റുകളെയടക്കം ആകർഷിക്കും. പഴയ ബോട്ടുകളുടെ വേഗത മണിക്കൂറിൽ അഞ്ച് നോട്ടിക്കൽ മൈലാണെങ്കിൽ പുതിയവയ്ക്ക് 10 നോട്ടിക്കൽ മൈലാക്കും. ബസ് ഒരു മണിക്കൂറിൽ താണ്ടുന്ന ദൂരം ബോട്ടുകൾ അരമണിക്കൂറിൽ എത്തിച്ചേരും. നിലവിൽ നാലു രൂപയാണ് മിനിമം നിരക്ക്. ഇത് വർദ്ധിപ്പിക്കാനും ആലോചനയുമുണ്ട്. ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമൊരുക്കും.

ആദ്യഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലായിരിക്കും ഹൈടെക് സർവീസ്. ഇതിനായി തായ്‌ലൻഡ് പോലുള്ള വിദേശരാജ്യങ്ങളിലുള്ള ഹൈസ്‌പീഡ് ബോട്ടുകളിറക്കും. ശബ്ദം കുറ‌ഞ്ഞതും 75 മുതൽ 100 വരെ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യാത്ര ചെയ്യാനും കഴിയും. കുടുംബശ്രീയിലൂടെ ലഘുഭക്ഷണവും ശീതളപാനീയവും ലഭ്യമാക്കും. അതത് പ്രദേശത്തിന്റെ പ്രത്യേകത പരിചയപ്പെടുത്താൻ ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

ആവേശമേകാൻ മലബാർ

റിവർ ക്രൂയിസ് കണ്ണൂരിൽ

കണ്ണൂർ, കാസർകോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിക്കുന്ന ടൂറിസം സംരംഭമാണ് മലനാട് മലബാർ റിവർ ക്രൂയിസ്. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുക. 325 കോടിയാണ് ചെലവ്. കുപ്പം മുതൽ കാട്ടാമ്പള്ളി കടവുവരെയുള്ള കണ്ടൽ ക്രൂയിസ്, പഴയങ്ങാടി മുതൽ വളപട്ടണം വരെയുള്ള തെയ്യം ക്രൂയിസ്, വളപട്ടണം മുതൽ മലപ്പട്ടം മുനമ്പു കടവു വരെയുള്ള മുത്തപ്പൻ ആൻഡ് മലബാറി ക്യൂസിൻ ക്രൂയിസ് എന്നിവയാണ് പദ്ധതികൾ. വള്ളംകളി ഗാലറി, കരകൗശല നിർമാണ ശാല, തെയ്യം അവതരണ വേദി, ഓപ്പൺ എയർ തിയേറ്റർ, വെള്ളത്തിൽ നിൽക്കുന്ന മാർക്കറ്റ്, റസ്റ്റോറന്റ്, ഏറുമാടം, ജലശുദ്ധീകരണ പ്ലാന്റ്, ബയോടോയ്‌ലറ്റ്, പാർക്കിംഗ് യാഡ് എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളും വിഭാവനം ചെയ്യുന്നുണ്ട്.

ഹൈടെക് ബോട്ടുകൾ ടൂറിസം ഫ്രണ്ട്‌ലി വാട്ടർ ട്രാൻസ്‌പോർട്ട് സർവീസുകളാക്കുകയാണ് സർക്കാർ ലക്ഷ്യം. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്രചെയ്യാനും ഇത്തരം സർവീസുകൾ ഉപകാരപ്പെടും. മുൻ വർഷങ്ങളിൽ നാലുകോടി മുതൽ ആറുകോടി വരെയാണ് ബോട്ട് യാത്രയിൽ വരുമാനം കിട്ടിയിരുന്നത്. കഴിഞ്ഞ വർഷം ഇത് പത്ത് കോടിയായി വർദ്ധിച്ചു.

ഷാജി വി. നായർ

മാനേജിംഗ് ഡയറക്ടർ

ജലഗതാഗത വകുപ്പ്