തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം തലശ്ശേരി സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ സാഹചര്യം മാറിയെന്നും കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗവും വ്യക്തമാക്കി. തുടർന്ന് കേസ് 19 ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടി.വി.രാജേഷ് എം.എൽ.എ ഇന്നലെ കോടതിയിൽ ഹാജരായി. അതേസമയം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ എത്തിയില്ല.

കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട 27 മുതൽ 32 വരെയുള്ള പ്രതികൾ വിടുതൽ ഹർജി നൽകിയെങ്കിലും ഇത് പരിഗണിക്കുന്നതും മാറ്റിവെച്ചു. ഷുക്കൂർ വധക്കേസിന്റെ വിചാരണ എവിടെ നടത്തുന്നുവെന്നതിൽ ആശങ്കയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ പറഞ്ഞു. എന്നാൽ സി.ബി.ഐയുടെ ബാലിശമായ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും നിയമപരമായി അനുവദിക്കാവുന്ന കോടതികളിലേ വിചാരണ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ആദ്യ രണ്ടുസാക്ഷികൾ ലീഗ് പ്രവർത്തകരാണ്. ഇതിൽ ഒരാളെ മാത്രം ചോദ്യംചെയ്തതിൽ ദുരൂഹതയുണ്ട്.

ആദ്യ കുറ്റപത്രം സമർപ്പിച്ച സമയത്ത് ആത്തിക്ക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അന്ന് സാക്ഷിമൊഴികൾ ദുർബലമാണെന്ന് അവരും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയിൽ അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.