കാഞ്ഞങ്ങാട്: പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്യോട്ട് ശ്രീ ഭഗവതി ക്ഷേത്ര കഴകം പെരുങ്കളിയാട്ടത്തിന് തയ്യാറെടുക്കുന്നു. 717 വർഷം മുമ്പാണ് ഇവിടെ പെരുങ്കളിയാട്ടം നടന്നതെന്ന് പ്രശ്നവശാൽ കണ്ടെത്തിയിരുന്നു. 12 ദിവസം നീണ്ടതായിരുന്നു അഷ്ടമംഗല്യ പ്രശ്ന ചിന്ത. ഈ വർഷം ‌ഡിസംബർ 23 മുതൽ 29 വരെയാണ് പെരുങ്കളിയാട്ടം. മലബാറിന്റെ മഹോത്സവമായി പെരുങ്കളിയാട്ടം മാറ്റാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. കണ്ണൂർ കാസർകോട് ജില്ലകളിലെ 14,000 വീടുകളിൽ ആഘോഷകമ്മറ്റി രൂപീകരണത്തിൽ സംബന്ധിക്കാനുള്ള കത്ത് നേരിട്ട് ഏൽപിച്ചിട്ടുണ്ട്. സ്വാഗതസംഘം യോഗത്തിൽ പങ്കെടുക്കുന്നവർക്ക് 5000 പച്ചക്കറി വിത്തു പായ്കറ്റുകൾ നൽകും 717 വർഷത്തിന്റെ ഓർമയ്ക്കായി 717 വൃക്ഷത്തൈകളും കഴകം പരിസരങ്ങളിൽ നട്ടുപിടിപ്പിക്കും നാഗാംബിക സന്നിധി മുതൽ പറമ്പത്ത് കാവു വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇത്രയും ചെടികൾ നടുക. ആഘോഷകമ്മറ്റി രൂപീകരണം 17 ന് രാവിലെ 10 ന് ക്ഷേത്രസന്നിധിയിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം. എൽ.എ അധ്യക്ഷത വഹിക്കും. കർണ്ണാടക മന്ത്രി യു.ടി ഖാദർ മുഖ്യാതിഥിയായിരിക്കും. ഇതു സംബന്ധിച്ചു ചേർന്ന വാർത്താ സമ്മേളനത്തിൽ ടി. കൃഷ്ണൻ, വയലപ്ര നാരായണൻ, അഡ്വ. രമേഷ് യാദവ്, വി. ഗോപി ,അഡ്വ. എം. ബാബുരാജ്, ബാബു കുന്നത്ത്, കെ.വി ലക്ഷ്മി എന്നിവർ സംബന്ധിച്ചു.