കണ്ണൂർ. തയ്യിൽ തീരപ്രദേശത്തെ വീടുകളിൽ കക്കൂസില്ലാതെ പരിസരവാസികൾ ദുരിതത്തിൽ. സ്ത്രീകളും കുട്ടികളുമടക്കം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ രാത്രിയിൽ കടൽത്തീരങ്ങളെ ആശ്രയിച്ചിരുന്നെങ്കിലും കടലാക്രമണം രൂക്ഷമായത് ഭീഷണി സൃഷ്ടിക്കുകയാണ്.
തീരങ്ങൾ ഇല്ലാതായതോടെ മറ്റു സ്ഥലങ്ങൾ കണ്ടെത്തേണ്ട ദുരവസ്ഥയാണ് ഇവർക്ക്. നിലവിൽ നൂറോളം വീടുകളിലായി ഇരുന്നൂറോളം സ്ത്രീകളും നൂറിലേറെ കുട്ടികളും കഴിയുന്നുണ്ട്. പ്രദേശത്തെ ഭൂരിഭാഗവും കൂട്ടുകുടുംബമായാണ് കഴിയുന്നത്. ഒരു കുടുംബത്തിൽ തന്നെ ഇരുപതിലേറെ പേർ വരും. എന്നാൽ പ്രദേശത്തെ 48 ഒാളം വീടുകളിലും കുളിക്കാനും മറ്റു പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യം ഇല്ലെന്നതാണ് യാഥാർഥ്യം.
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ നാല് വീടുകൾക്ക് ഒരു കക്കൂസ് എന്ന നിലയിൽ കോർപ്പറേഷൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ വെള്ളവും വെളിച്ചവും ഇല്ലാത്ത ഇവ ഉപകാരപ്പെടുന്നില്ലെന്ന പരാതിയാണ് പ്രദേശവാസികൾക്ക്.
ശൗച്യാലയം ഇല്ലാത്ത വീടുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശൗച്യാലയങ്ങൾ നിർമ്മിച്ച് നൽകണമെന്ന് ആവശ്യപെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം കളക്ടറേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് ജനങ്ങൾ കഴിയുന്നത്. പരാതിയുമായി മേയറെ സമീപിച്ചപ്പോൾ നല്ല അനുഭവമല്ല ഉണ്ടായത്. പ്രശ്നത്തിന് വേണ്ട ഗൗരവം നൽകാൻ തയ്യാറായിട്ടില്ല. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ മുന്നോട്ട് പോകും.
ശ്രുതി,സമരനായിക