കണ്ണൂർ. തരിശ് നിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കതിരണിപ്പാടം പദ്ധതി മാസ്റ്റർപ്ലാൻ ശിൽപശാല പി.കെ. ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു. അവശ്യ വസ്തുക്കളെല്ലാം കടകളിൽ ലഭിച്ചപ്പോഴാണ് കൃഷി നമുക്ക് അന്യമായതെന്നും കുട്ടികളെ രക്ഷിതാക്കൾ മണ്ണിൽ നിന്ന് വിലക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു. വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കതിരണിപ്പാടം നടപ്പാക്കുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കർഷകരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും നിർദേശങ്ങൾ തേടുന്നതിനാണ് ശിൽപശാല നടത്തിയത്. രണ്ട് കോടി രൂപയാണ് മാറ്റിവെച്ചത്. മയ്യിൽ മോഡലാണ് ജില്ലയിൽ നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാലയുടെ ഭാഗമായി സമ്പൂർണ നെൽകൃഷി, റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി, നെൽകൃഷി സാങ്കേതിക വിദ്യ എന്നീ മയ്യിൽ മാതൃകകളിൽ ക്ലാസുകളും നടന്നു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. ജയബാലൻ, കെ. ശോഭ, അംഗങ്ങളായ ടി.ആർ. സുശീല, അജിത്ത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ. വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കർഷകർ, പാടശേഖര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.