തൃക്കരിപ്പൂർ: ഉത്തര കേരളത്തിലെ തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിലും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമായ ഇടപെടലുകൾ നടത്തിയിരുന്ന ദിനേശ് ബീഡി തൊഴിലാളികൾ, സ്ഥാപനത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നു.

ഇതിന്റെ ഭാഗമായി വിവിധ സൊസൈറ്റികളുടെ നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി കമ്പനികൾ വൈവിദ്ധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്. ചെറുവത്തൂർ സൊസൈറ്റിയുടെ അധീനതയിലുള്ള തൃക്കരിപ്പൂർ ബ്രാഞ്ച് ഇന്നലെ മൺചിരാതുകൾ കൊണ്ട് ദീപാലങ്കാരം നടത്തിയും വർണ്ണവൈവിദ്ധ്യങ്ങളിൽ അലങ്കരിച്ചും മനോഹരമാക്കി. തൃക്കരിപ്പൂരിൽ നിലവിൽ ഒരു ബ്രാഞ്ചാണ് പ്രവർത്തിക്കുന്നത്. ഇതിൽ ജോലി ചെയ്യുന്ന 93 പേരും സ്ത്രീതൊഴിലാളികളാണ്. ഇന്ന് ബ്രാഞ്ചിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മുൻ തൊഴിലാളികൾ, രാഷ്ടീയ നേതാക്കന്മാർ തുടങ്ങി പ്രമുഖർ പങ്കെടുക്കും. ഇന്നലെ നടന്ന ചചടങ്ങുകൾക്ക് മുൻ ബീഡി തൊഴിലാളിയും പൂരക്കളി പണിക്കരുമായ എ.കെ. കുഞ്ഞിരാമൻ പണിക്കർ, സി.വിനീഷ്, കെ.വസന്ത, സുഭദ്ര, കെ. വത്സല, കെ. ഭാർഗ്ഗവി തുടങ്ങിയവർ നേതൃത്വം നൽകി.

പത്ത് യുവതികൾക്ക് മംഗല്യ സൗഭാഗ്യം

പള്ളിക്കര: നിർധനരായ പത്ത് യുവതികൾക്ക് മംഗല്യ സൗഭാഗ്യം നൽകി കൊണ്ടുള്ള കല്ലിങ്കാൽ യൂത്ത് ഓർഗനൈസേഷന്റെ അറൂസ് 2019 സമൂഹ വിവാഹ പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ട് ഭവനങ്ങൾ നിർമിച്ചു നൽകുന്ന കാരുണ്യ ഭവന പദ്ധതിയുടെ ശിലാസ്ഥാപനവും തങ്ങൾ നിർവഹിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ, പള്ളിക്കര ഖാസി ഇ.കെ മഹമൂദ് മുസ്ല്യാർ എന്നിവർ കാർമികത്വം വഹിച്ചു. ചെയർമാൻ കെ.ഇ.എ ബക്കർ അധ്യക്ഷത വഹിച്ചു. കല്ലിങ്കാൽ സ്വദേശിയായ ഡോ. സാജിദിനെ സാദിഖലി തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു. ജമാൽ മുണ്ടക്കൈ, എം.ബി ഷാഫി, ടി.എം നാസർ, എം.കെ മഹമൂദ് കുഞ്ഞി ഹാജി, കെ. കുഞ്ഞബ്ദുല്ല, കെ.എം റഷീദ് ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പി.എം അബ്ദുൽ ഖാദർ ഹാജി, ടി.എം അബ്ദുല്ല ഹാജി എന്നിവർ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിതരണം ചെയ്തു.