നീലേശ്വരം: വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ പുരസ്‌കാരം നേടിയ ഡോ. എ.എം. ശ്രീധരനെ ജെ സി ഐ നീലേശ്വരം ആദരിച്ചു. പ്രസിഡന്റ് ദീപേഷ് കുറുവാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ജെ.സി.ഐ നീലേശ്വരത്തിന്റെ കുടുംബ സംഗമത്തിൽ വെച്ച് ജെ.സി.ഐ മുൻ മേഖലാ പ്രസിഡന്റ് വി. വേണുഗോപാൽ ഉപഹാരം നൽകി ആദരിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ശ്രീനി പള്ളിയത്ത്, ഡോ. പി. രതീഷ്, സംഗീത അഭയ്, സജിനി സജീവ്, എം.വി. രജീന, കെ. ഗിരീഷ് കുമാർ, സനിഗ കെ. രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

എസ് 19 സ്റ്റീൽ ബോട്ട് സർവീസ് നിർത്തുന്നതിൽ പ്രതിഷേധം

തൃക്കരിപ്പൂർ: ആയിറ്റി ജലഗതാഗത മേഖല ഓഫീസ് കേന്ദ്രീകരിച്ചു സർവ്വീസ് നടത്തിയിരുന്ന എസ് 19 സ്റ്റീൽ ബോട്ട് പറശ്ശിനിക്കടവിലെക്ക് മാറ്റുന്നതിനെതിരേ ജനവികാരം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ ആയിറ്റി ബോട്ട് മേഖല ഓഫീസിലേക്ക് മാർച്ച് നടത്തി. തൃക്കരിപ്പൂർ പഞ്ചായത്തിലെയും വലിയപറമ്പിലെയും തീരദേശ വാസികളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുക, പറശിനകടവിലേക്ക് കടത്തിയ ബോട്ട് തിരിച്ചെത്തിക്കുക, ജലഗതാത വകുപ്പിന്റെ ആയിറ്റി മേഖല ഓഫീസിൽ സൂപ്രണ്ട് പദവി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ മാർച്ചും ധർണയും വലിയ പറമ്പ പഞ്ചായത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷരീഫ് മാടാപ്പുറം ഉദ്ഘാടനം ചെയ്തു.
നജീബ്, ഷംഷാദ്, ഷുഹൈബ്, നസീർ, മെഹറൂഫ് മൈതാനി, അമീർ ആയിറ്റി, മെഹറൂഫ്, ആദിൽ കരോളം, സഫീർ, മുസ്തഫ സംസാരിച്ചു. ഫായിസ് ബീരിച്ചേരി സ്വാഗതവും അസ്ഹറുദ്ദീൻ മണിയനോടി നന്ദിയും പറഞ്ഞു

ഓട്ടോയാത്രക്കിടെ യുവതിയെ ശല്യംചെയ്ത ഡ്രൈവർ അറസ്റ്റിൽ
കാസർകോട് : ഓട്ടോയാത്രയ്ക്കിടെ പിറകിലൂടെ കൈയിട്ട് യുവതിയെ പിടിച്ച ഡ്രൈവർ അറസ്റ്റിലായി. ബദിയടുക്ക പള്ളത്തടുക്കയിലെ പി രവീന്ദ്രനെ (47)യാണ് ബദിയടുക്ക എസ്.ഐ മെൽവിൻ ജോസും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ രാത്രി 9.15 മണിയോടെ ബദിയടുക്ക ടൗണിൽ നിന്നും ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ കരിമ്പില പാലത്തിനു സമീപം വെച്ചാണ് 48 കാരിയായ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. പീഡനശ്രമമുണ്ടായതോടെ യുവതി ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബസിൽ വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമം, നാടോടി സ്ത്രീ പിടിയിൽ
കാസർകോട്: ബസിൽ വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച നാടോടി സ്ത്രീ പിടിയിൽ. സംഘത്തിലെ രണ്ടു സ്ത്രീകൾ ഓടിരക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. ഉദുമയിലെ പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാലയാണ് അപഹരിക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും മൂവർ സംഘത്തെ പിടികൂടുകയുമായിരുന്നു. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് രണ്ടുസ്ത്രീകൾ ഓടിരക്ഷപ്പെട്ടത്. ഒരാളെ നാട്ടുകാർ പൊലീസിലേൽപിച്ചു.

പുതിയപുര തറവാട് തെയ്യംകെട്ട് ; മാർച്ച് 24 ന് കൂവ്വം അളക്കും

പാലക്കുന്ന്: ഏപ്രിൽ 4 മുതൽ 7 വരെ നടക്കുന്ന പാലക്കുന്ന് കഴകം പുതിയപുര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിനുള്ള കൂവ്വം അളക്കൽ മാർച്ച് 24 ന് നടക്കും. കഴകം ഭഗവതീ ക്ഷേത്രം ഉദുമ തെക്കേക്കര പ്രാദേശിക സമിതി പരിധിയിൽ വരുന്ന പുതിയപുര തറവാട്ടിൽ ആദ്യമായാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്. തറവാട്ടിൽ നടന്ന ചടങ്ങിൽ ക്ഷേത്രമുഖ്യകർമ്മി സുനീഷ് പൂജാരിക്ക് നൽകി ബേക്കൽ സി.ഐ. വിശ്വംഭരൻ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ സി.എച്ച്.നാരായണൻ അദ്ധ്യക്ഷനായി. ക്ഷേത്ര സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പ്രസിഡന്റ് കെ. ബാലകൃഷ്ണൻ തൃക്കണ്ണാട്, ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, പി.പി. ചന്ദ്രശേഖരൻ ഉദുമ, സംഘാടക സമിതി ജനറൽ കൺവീനർ പള്ളം കുഞ്ഞിരാമൻ, ട്രഷറർ ശ്രീധരൻ പള്ളം, പ്രഭാകരൻ തെക്കേക്കര, കൊപ്പൽ പ്രഭാകരൻ, പി.വി. ഭാസ്‌ക്കരൻ, കേവീസ് ബാലകൃഷ്ണൻ, അശോക് കുമാർ, രമേശൻ കൊപ്പൽ തുടങ്ങിയവർ സംസാരിച്ചു.