കണ്ണൂർ: കണ്ണൂരിൽ മൂന്നിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി വാർഡ്, കല്ല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാംചിറ വാർഡ്, കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ എന്നിവടങ്ങളിലാണ് എൽ.ഡി.എഫ് വിജയിച്ചത്.

ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.ഫ് സീറ്റ് നിലനിർത്തി.സി.പി.എമ്മിലെ ഇ.രാജൻ 245 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.അകെ പോൾ ചെയ്ത 585 വോട്ടിൽ ഇ.രാജന് 415 വോട്ടും കോൺഗ്രസിലെ ടി.മാധവന് 170 വോട്ടും ലഭിച്ചു.പട്ടികജാതി സംവരണ വാർഡായ ഇവിടെ കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ എം.കോരന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. കോരൻ 182 വോട്ടിനാണ് വിജയിച്ചിരുന്നത്. യു.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്. കോൺഗ്രസ് -13, മുസ്ലീം ലീഗ് 1,കോൺഗ്രസ് സ്വതന്ത്ര-2, ലീഗ് സ്വതന്ത്ര 1 എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ എൽ.ഡി.എഫിൽ സി.പി.എമ്മിന് ഇപ്പോൾ 13 സീറ്റായി.

കല്ല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാംചിറ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ കെ. മോഹനൻ 639 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത 823 വോട്ടിൽ 731 വോട്ടാണ് കെ. മോഹനൻ നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഇ. പ്രമോദിന് 92 വോട്ട് കിട്ടി.

മട്ടന്നൂർ കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ആ‌ർ.കെ. കാർത്തികേയനാണ് 269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ കെ.എം. പ്രേമരാജന് 232 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ഇ. നാരായണന് 98 വോട്ടും ലഭിച്ചു. വാർഡ് അംഗം കോൺഗ്രസ് -എസ്സിലെ പി. ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.