66 അദ്ധ്യാപകർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 12 പേർ മാത്രം

ഉടൻ നിയമനം നടത്തുമെന്ന മന്ത്രിയുടെ ഉറപ്പും പാഴായി

നീലേശ്വരം: പടന്നക്കാട് കാർഷിക കോളേജിൽ ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ വിദ്യാർത്ഥികളുടെ പഠനം വഴിമുട്ടുന്നു. കാർഷിക കോളേജ് നിലവിൽ വന്നിട്ട് 25 വർഷം പൂർത്തിയാവുന്ന സമയത്താണ് അദ്ധ്യാപക ക്ഷാമം രൂക്ഷമാവുന്നത്. 66 അദ്ധ്യാപകർ വേണ്ടിടത്ത് 12 പേരാണ് ഇപ്പോഴുള്ളത്. ഇതിൽ ഒരദ്ധ്യാപകൻ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും.

29 അദ്ധ്യാപകർ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും മറ്റ് വകുപ്പുകളിൽ അദ്ധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അദ്ധ്യാപകരുടെ നിയമന നടപടികൾ തുടരുന്നുണ്ടെന്നു പറയുന്നതല്ലാതെ അത് ഇതുവരെ പൂർത്തിയായിട്ടില്ല. അദ്ധ്യാപകക്ഷാമം നിലനിൽക്കുന്നുണ്ടെങ്കിലും പടന്നക്കാട് കാർഷിക കോളേജിൽ വിജയശതമാനം വർഷംതോറും കൂടി വരികയാണ്.

ഫാമിലാണെങ്കിൽ 6 പേർ വേണ്ടിടത്ത് ഇപ്പോൾ രണ്ടു പേർ മാത്രമെയുള്ളു.

കഴിഞ്ഞവർഷം പടന്നക്കാട് തോട്ടത്തിന്റെ നൂറാം വാർഷികാഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വേദിയിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പടന്നക്കാട് കാർഷിക കോളേജിലെ അദ്ധ്യാപക ക്ഷാമം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പറയുകയുണ്ടായി. എന്നാൽ വർഷം ഒന്നുകഴിഞ്ഞിട്ടും നടപടികൾ തുടരുന്നുണ്ടെന്ന് പറയുന്നതല്ലാതെ കാർഷിക സർവകലാശാലാ അധികൃതർ ഇതുവരെ അദ്ധ്യാപക ക്ഷാമം പരിഹരിച്ചിട്ടില്ല.

പാലിയേറ്റീവ് രോഗീ ബന്ധു സംഗമം

കൊന്നക്കാട്: ബളാൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി കൊന്നക്കാട് പൈതൃകം ഹെറിറ്റേജിൽ ഇന്ന് പാലിയേറ്റീവ് രോഗീ - ബന്ധു സംഗമം സംഘടിപ്പിക്കും. രാവിലെ 10ന് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാധാമണി ഉദ്ഘാടനം ചെയ്യും. മിനി മാത്യു അധ്യക്ഷത വഹിക്കും. ഡോ. പ്രിയ സ്വാഗതവും അജിത് സി. ഫിലിപ്പ് നന്ദിയും പറയും. തുടർന്ന് വിവിധ കലാപരിപാടികൾ.

കേരള ദിനേശ് ബീഡിയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഹൊസ്ദുർഗ് മെയിൻ ബ്രാഞ്ച് നെല്ലിക്കാട്ട് നടന്ന ഘോഷയാത്ര

പുനർനവ കാർഷികമേള ഇന്നു തുടങ്ങും

കാസർകോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കാസർകോട് ആത്മയും ഐ.സി.എ.ആർ. സി.പി.സി.ആർ.ഐയും കൃഷി വിജ്ഞാൻ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പുനർനവ കാർഷിക മേള ഇന്നു തുടങ്ങും. മന്ത്രി ഇ. ചന്ദ്രശേഖരൻ മേളയുടെ ഉദ്ഘാടനം രാവിലെ 10.30 ന് കാസർകോട് സി.പി.സി.ആർ.ഐയിൽ നിർവ്വഹിക്കും. ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിക്കും. കാർഷിക പ്രദർശനോദ്ഘാടനം പി. കരുണാകരൻ എം.പി നിർവ്വഹിക്കും. സെമിനാർ ഉദ്ഘാടനം കെ. കുഞ്ഞിരാമൻ എം.എൽ.എയും ജൈവ കൃഷി അവാർഡ് ദാനം എം. രാജഗോപാലൻ എം.എൽ.എയും നിർവ്വഹിക്കും.
കാർഷികസമൃദ്ധിയുടെ നിറക്കാഴ്ചകളൊരുക്കി സന്ദർശകരെ വരവേൽക്കാൻ മേളയിൽ 60 ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം 19 വരെ നടക്കുന്ന മേളയിൽ രാവിലെ 10 മുതൽ രാത്രി 7.30 വരെയാണ് സന്ദർശകർക്കുള്ള പ്രവേശന സമയം