തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം 17 മുതൽ 24 വരെ നടക്കുമെന്ന് പ്രസിഡന്റ് കെ. സത്യൻ അറിയിച്ചു. 17ന് രാത്രി 9.55ന് വർക്കല ശിവഗിരി മഠം എൻ. സുഗതൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. തുടർന്ന് കരിമരുന്ന് പ്രയോഗം, രാത്രി 11 ന് എഴുന്നള്ളത്ത്. രണ്ടാം ദിനത്തിൽ രാത്രി 7ന് സാംസ്‌കാരിക സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അദ്ധ്യക്ഷത വഹിക്കും. അബ്ദുൾ സമദ് സമദാനി എം. പി മുഖ്യാതിഥിയാകും.

രാത്രി 9.30 ന് ഗാനമേള. 19ന് രാത്രി 7ന് സാംസ്‌കാരിക സമ്മേളനം മുൻ ഡി. ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. രാത്രി 9.30 ന് മ്യൂസിക്ക്‌ഷോ ' തുടർന്ന് പടയണി. 20ന് രാത്രി 7 മണിക്ക് ശ്രീനാരായണ ദാർശനിക സമ്മേളനവും കെ.പി.എ റഹീം മാസ്റ്റർ അനുസ്മരണവും ഡോ. കെ. എസ് രവികുമാർ ഉദ്ഘാടനം ചെയ്യും. അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. 9.30ന് ശ്രീനാരായണ ഗുരുവിന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള ചരിത്രം അനാവരണം ചെയ്ത് ലിസി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ഗുരുദേവ ജ്ഞാനാമൃതം. 21 ന് രാത്രി 7ന് സാംസ്‌കാരിക സമ്മേളനം കവി എസ്. രമേശൻ നായർ ഉദ്ഘാടനം ചെയ്യും. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 22 ന് രാത്രി 7 ന് ഗുരുദർശനവും സാഹിത്യവും സാംസ്‌കാരിക സമ്മേളനം കെ.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ അദ്ധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും.

23 ന് രാത്രി 7ന് നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.എൻ. ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയാകും. 9.30ന് കലാസന്ധ്യ തുടർന്ന് കരിമരുന്ന് പ്രയോഗം.
24 ന് രാവിലെ 7.30 ന് ഗുരുപൂജ, വൈകിട്ട് 5.30 ന് ആറാട്ടെഴുന്നള്ളത്ത്. 6.30ന് ഗാനമേള. രാത്രി 9.55 ന് കൊടിയിറക്കൽ, തുടർന്ന് കരിമരുന്ന് പ്രയോഗത്തോടെ മഹോത്സവം സമാപിക്കും. വാർത്താസമ്മേളനത്തിൽ സി. ഗോപാലൻ, എൻ.കെ വിജയരാഘവൻ, പ്രേമാനന്ദസ്വാമികൾ, രാഘവൻ പൊന്നമ്പത്ത്, എം.വി. രാജീവൻ, കെ. കെ. പ്രേമൻ, പി. സി. രഘുറാം എന്നിവർ പങ്കെടുത്തു.