കാസർകോട്: നിയമവുമായി പൊരുത്തപ്പെടാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മനഃശാസ്ത്രപരമായ പരിരക്ഷയും പിൻതുണയും നൽകി സ്വഭാവ പരിവർത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യജീവിതം നയിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന കാവൽ പദ്ധതിക്ക് തുടക്കം.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ കാര്യവാഹകരുടെ പ്രഥമയോഗം പരവനടുക്കം ചിൽഡ്രൻസ് ഹോമിൽ നടന്നു. പരിപാടിയിൽ കാവൽപദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ് നിർവഹിച്ചു. ഡോ.പി കവിത മനോജ് കാവൽ പദ്ധതി അവതരണം നടത്തി. ശ്രീനീഷ് എസ് അനിൽ മോഡൽ കേസ് അവതരണം നടത്തി.
ബാംഗ്ലൂരിലെ നിംഹാൻസ് എന്ന സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 9 ജില്ലകളിൽ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. കേസിൽ അകപ്പെട്ട കുട്ടികളെ വീണ്ടും കേസിൽ അകപ്പെടാതെ തുടർ പഠനം സാധ്യമാക്കുക, അവരുടെ സാമൂഹ്യ പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് കാവൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനയായ ഹെൽത്ത്‌ലൈനെ തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി കോഡിനേറ്ററായി സിജോ അംബാട്ടിനേയും, കേസ് വർക്കറായി ബി. അഖിലിനെയും ഹെൽത്ത് ലൈൻ നിയമിച്ചു.


പടം ..പരവനടുക്കം ചിൽഡ്രൻസ് ഹോമിൽ കാവൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ് നിർവഹിക്കുന്നു.