തലശേരി: പേരാവൂർ വിളക്കോട്, സി.പി.എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പതു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും ജീവപര്യന്തം തടവും 30,000 രൂപ വീതം പിഴയും വിധിച്ചു. പി.കെ. ലത്തീഫ്, യു.കെ. സിദ്ദിഖ്, യു.കെ. ഫൈസൽ, യു.കെ. ഉനൈസ്, പുളിയിന്റകീഴിൽ ഫൈസൽ, പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് ബഷീർ, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂർ എന്നിവരെയണ് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്. 2008 ആഗസ്റ്റ് 24 നായിരുന്നു കേസിനാസ്പദമായ സംഭവം.
സുഹൃത്തുക്കളും അയൽവാസികളുമായ പി.കെ. ഗിരീഷ്, കുറ്റേരി രാജൻ എന്നിവരോടൊപ്പം രാത്രി എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ചാക്കാട് മുസ്ലിംപള്ളിയുടെ സമീപത്തെ തെങ്ങിൻതോപ്പിൽ പതിയിരുന്ന സംഘം മഴു, വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്കും ദേഹമാസകലവും വെട്ടേറ്റ ദിലീപനെ പൊലീസ് എത്തി തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗിരീഷിനും രാജനും സാരമായി പരിക്കേറ്റിരുന്നു. ഇവരുൾപ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.