fr-robin

തലശേരി (കണ്ണൂർ): കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒന്നാംപ്രതി ഫാ. റോബിൻ വടക്കുംചേരിക്ക് 20 വ‌ർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും തലശേരി പോക്‌സോ കോടതി വിധിച്ചു. മൂന്ന് വകുപ്പുകൾ പ്രകാരം 60 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. അത് ഒന്നിച്ച് 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

പിഴയിൽ നിന്ന് ഒന്നരലക്ഷം രൂപ ഇരയ്ക്ക് നൽകണം. കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും ശിക്ഷ വിധിച്ച തലശേരി പോക്സോ ജഡ്‌ജി പി. എൻ. വിനോദ് ഉത്തരവിട്ടു.

ഫാ. റോബിൻ കുറ്റക്കാരനാണെന്ന് ഇന്നലെ ഉച്ചയോടെ കോടതി കണ്ടെത്തിയിരുന്നു. ആറ് പ്രതികളെ വെറുതേ വിട്ടു.

കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരിയും കൊട്ടിയൂർ ഐ.ജെ.എം. എച്ച്. എസ്.എസ് ലോക്കൽ മാനേജരുമായിരുന്നു വയനാട് നടവയലിലെ ഫാ. റോബിൻ വടക്കുംചേരി (റോബിൻ മാത്യു- 51). ബലാത്സംഗത്തിനും പോക്സോ വകുപ്പു പ്രകാരവുമായിരുന്നു വൈദികനെതിരായ കേസ്. ഇയാൾ ഉൾപ്പെടെ ഏഴു പ്രതികളാണ് വിചാരണ നേരിട്ടത്. പ്രതികളായിരുന്ന മൂന്നുപേരെ വിചാരണയിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു.

രണ്ടാം പ്രതി കൊട്ടിയൂർ പാലുകാച്ചി നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (54), ആറാം പ്രതി തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ (48), എട്ടാം പ്രതി മാനന്തവാടി വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിംഗ് ഹോമിലെ സിസ്റ്റർ കോട്ടയം പാല മീനച്ചിൽ നന്തിക്കാട് വീട്ടിൽ ഒഫീലിയ (73), ഒമ്പതാം പ്രതി കൊളവയൽ സെന്റ് ജോർജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്മനോട്ട് തേരകം ഹൗസിൽ ഫാ. തോമസ് ജോസഫ് തേരകം, പത്താം പ്രതി വയനാട് ശിശുക്ഷേമ സമിതി അംഗവും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയിൽ സിസ്റ്റർ ബെറ്റാ ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതേ വിട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവച്ചു എന്നതായിരുന്നു ഇവർക്കെതിരായ കുറ്റം. എന്നാൽ ഇതു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന് സംരക്ഷണം നൽകാൻ കണ്ണൂർ ലീഗൽ സർവീസ് സൊസൈറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷനു വേണ്ടി ബി.പി. ശശീന്ദ്രൻ, ബീന കാളിയത്ത്, സി.കെ. രാമചന്ദ്രൻ എന്നിവർ ഹാജരായി.

നാൾവഴി ഇങ്ങനെ

പെൺകുട്ടിയെ പീഡിപ്പിക്കുന്നത് 2016 മുതൽ പെൺകുട്ടി പ്രസവിക്കുന്നത് 2016 ഡിസംബറിൽ ചൈൽഡ് ലൈൻ വിവരം പൊലീസിന് കൈമാറി 2017 ഫെബ്രുവരി 28ന് വൈദികൻ അറസ്റ്റിലായി ഇതുവരെ വൈദികന് ജാമ്യം കിട്ടിയിട്ടില്ല. ആശുപത്രി അധികൃതരടക്കം പത്ത് പേർ കസ്റ്റഡിയിൽ സുപ്രീംകോടതി ആശുപത്രി അധികൃതരെ വിട്ടയച്ചു. 2018 ആഗസ്റ്റ് 1ന് പോക്‌സോ കോടതിയിൽ വിചാരണ തുടങ്ങി പെൺകുട്ടിയും മാതാപിതാക്കളും മൊഴിമാറ്റി സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്ന് വരുത്താനും ശ്രമം ഫാദർ റോബിനെ മാത്രമാണ് കോടതി കുറ്റക്കാരനായി കണ്ടത്.