തലശേരി:'സംരക്ഷകനാകേണ്ടയാൾ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അധികാരസ്ഥാനം ഉപയോഗിച്ച് വൈദികൻ പെൺകുട്ടിയോട് കാണിച്ചത് പീഡനം തന്നെയാണ്. ഇത് അനുവദിക്കാനാകില്ല. അതിനാലാണ് കടുത്ത ശിക്ഷ വിധിക്കുന്നത്'.
--പോക്‌സോ കോടതി വിധിയിലെ പ്രസക്തമായ ഒരു ഭാഗമാണിത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും ലൈംഗികബന്ധം പുലർത്തുന്നത് ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധി.
പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മാനേജരായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. വിദ്യാർത്ഥികൾക്ക് ആദ്ധ്യാത്മിക കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേദപാഠം പഠിപ്പിക്കുകയും കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുകയും ചെയ്തിരുന്ന ഫാദർ ആ വഴിയാണ് പെൺകുട്ടിയുമായി അടുക്കുന്നത്. പള്ളിമേടയിൽ സ്ഥിരമായി എത്തുമായിരുന്ന പെൺകുട്ടിയെ വൈദികൻ അധികാരസ്ഥാനം ഉപയോഗിച്ചാണ് ബലാത്സംഗം ചെയ്യുന്നത്. പെൺകുട്ടി ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും പ്രതികളായി. വൈദികനെയും കുഞ്ഞിനെ ഒളിപ്പിക്കാൻ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥാലയത്തിലെയും ജീവനക്കാരെയും കന്യാസ്ത്രീകളെയും രക്ഷിക്കാൻ പ്രതിഭാഗം എല്ലാ വിധത്തിലും ശ്രമിച്ചിരുന്നു. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീം കോടതി വരെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.
ഫാ. റോബിൻ വടക്കുംചേരിക്ക് ഇത്രയും കടുത്ത ശിക്ഷ നൽകിയതിന് പ്രോസിക്യൂഷന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. പബ്ളിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത്, അഡിഷണൽ പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ ആദ്യം മുതൽ ഹാജരായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അവസാനഘട്ടത്തിൽ കൂറുമാറിയതും പ്രോസിക്യൂഷന് തലവേദനയായിരുന്നു. അതോടെ കേസ് ദുർബലമായേക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. പെൺകുട്ടി പ്രസവിച്ച ആശുപത്രിയിലെ ഡോക്ടറെ കൂടി സാക്ഷിയാക്കിയാണ് പ്രോസിക്യൂഷൻ മുന്നോട്ടുപോയത്. ഈ ഡോക്ടറുടെ മൊഴിയാണ് പിന്നീട് നിർണായകമായത്. ഇവരെ കോടതി വിസ്തരിച്ചതോടെ റോബിന്റെ ശിക്ഷയിലേക്കുള്ള ദൂരം കുറഞ്ഞു.