father-robin-
father robin

തലശേരി: കൊട്ടിയൂർ ബാലികാ പീഡന കേസിൽ ഇരയായ പെൺകുട്ടി തന്നെ മൊഴി മാറ്റുകയും പെൺകുട്ടിയുടെ മാതാപിതാക്കൾ വ്യാജമൊഴി നൽകുകയും ചെയ്‌തിട്ടും ഒന്നാംപ്രതിയായ ഫാദർ റോബിനെതിരെ കുരുക്കു മുറുക്കിയത് പ്രധാനമായും രണ്ട് ശാസ്‌ത്രീയ തെളിവുകളാണ്.

ഒന്ന്:പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡി. എൻ. എ പരിശോധന.

രണ്ട്:പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ പെൺകുട്ടിയുടെ അമ്മയുടെ പ്രസവം എടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. പി.വി. ജോസ് നൽകിയ ലൈവ് ബർത്ത് സർട്ടിഫിക്കറ്റ്.

പിതൃത്വ പരിശോധന

പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു. ഫാ. റോബിന്റെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്. ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. അത് വൈദികനെതിരായ ശക്തമായ തെളിവായി. പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിംഗ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.

പോക്‌സോ മറികടക്കാൻ പാഴ്‌ശ്രമം

പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വരുത്തി പോക്‌സോ വകുപ്പിൽ നിന്ന് രക്ഷപ്പെടാൻ പ്രതിഭാഗം സകല അടവുകളും പയറ്റിയിരുന്നു. വിചാരണ വേളയിൽ പെൺകുട്ടിയും മാതാപിതാക്കളും മറ്റു സാക്ഷികളും കൂറുമാറിയിരുന്നു. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്നായിരുന്നു ഇവരുടെ വാദം. ഇതിനായി രേഖകളും ഹാജരാക്കി. തന്നെ ആശുപത്രിയിലല്ല, വീട്ടിലാണ് പ്രസവിച്ചതെന്നും വയസ് തെളിയിക്കുന്ന സ്‌കൂൾ രേഖകൾ ഉണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ വാദം. എന്നാൽ സ്‌കൂളിലെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.

തുടർന്നാണ് പ്രോസിക്യൂഷൻ പെൺകുട്ടിയുടെ ഒറിജിനൽ ബർത്ത് റിപ്പോർട്ട് തേടി ഇറങ്ങിയത്. അന്വേഷണം കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയിലെത്തി. അവിടെയാണ് പെൺകുട്ടിയെ അമ്മ പ്രസവിച്ചതെന്നും

അവി‌ത്തെ ഗൈനക്കോളജിസ്റ്റായ ഡോ. പി.വി. ജോസ് ആണ് പ്രസവം എടുത്തതെന്നും കണ്ടെത്തി. കൂത്തുപറമ്പ് നഗരസഭയിലെ ബർത്ത് രജിസ്റ്റർ പരിശോധിച്ചപ്പോൾ ഡോക്ടർ നൽകിയ വിവരം ശരിയാണെന്ന് തെളിഞ്ഞു. തുടർന്ന് ഡോക്ടറെയും സാക്ഷിയാക്കി. താൻ തന്നെയാണ് പെൺകുട്ടിയുടെ പ്രസവം നടത്തിയതെന്നും പ്രസവം നടന്ന തീയതിയും ഡോക്ടർ കോടതിയിൽ വെളിപ്പെടുത്തി.അതോടെ പ്രായപൂർത്തിയാകും മുൻപാണ് പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചതെന്ന് ഉറപ്പായി. പോക്സോ കുരുക്ക് മുറുകുകയും ചെയ്‌തു.