കാസർകോട്ട്: നാളെ മുതൽ രാജധാനി എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചതെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസർ അറിയിച്ചു.

ഇന്ന് നിസാമുദ്ദീനിൽ നിന്നും പുറപ്പെടുന്ന 12432 നമ്പർ രാജധാനി എക്സ്പ്രസ് നാളെ വൈകീട്ട് 6.38 ന് കാസർകോട്ട് നിർത്തും. രണ്ട് മിനുട്ടിനു ശേഷം 6.40 ന് ട്രെയിൻ കാസർകോട്ട് നിന്നും പുറപ്പെടും. 19 ന് തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി പുലർച്ചെ 4.33 ന് കാസർകോട്ടെത്തും. 4.35ന് പുറപ്പെടും. ആഴ്ചതോറും നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്ത് നിന്നും മൂന്ന് വീതം സർവ്വീസാണ് ഉള്ളത്. നിസാമുദ്ദീനിലേക്കുള്ള ട്രെയിൻ ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കാസർകോട്ടെത്തുക. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കാസർകോട്ടെത്തുന്നത്. അതേസമയം ഗാന്ധിധാമിന് കാഞ്ഞങ്ങാട്ടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാഗർകോവിൽ - ഗാന്ധിധാം വീക്കിലി എക്സ്പ്രസ്സ് (16335) 23 മുതൽ കാഞ്ഞങ്ങാട്ട് നിർത്തും. വെള്ളിയാഴ്ച പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ചയാണ് കാഞ്ഞങ്ങാട് എത്തുന്നത്. പുലർച്ചെ 3.19 ന് എത്തി 3.20 ന് പുറപ്പെടും. ഗാന്ധിധാമിൽ നിന്നുള്ള ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 2.58 ന് കാഞ്ഞങ്ങാട്ടെത്തി 2.59 ന് പുറപ്പെടും. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് നാഗർകോവിൽ ഗാന്ധിധാം സർവീസ്.