കാസർകോട്: സൈനികരെ കൊന്നൊടുക്കിയ ഭീകരരുമായി കേന്ദ്ര സർക്കാർ സന്ധി സംഭാഷണം നടത്തണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കറന്തക്കാട് മെഴുകുതിരി കത്തിച്ച് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. കോടിയേരിക്ക് ആരോടാണ് കൂറെന്ന് വ്യക്തമാക്കണം. ഇത്തരം അക്രമണങ്ങളെ ഭാരതം ഒറ്റക്കെട്ടായി നേരിടുമെന്നും ശ്രികാന്ത് പറഞ്ഞു. ആർ.എസ്.എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, സഹസംഘചാലക് കെ.ടി. കാമത്ത്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, ട്രഷറർ ജി. ചന്ദ്രൻ, കൗൺസിലർമാരായ സവിത, കെ.ജി. മനോഹരൻ, ഉമ കടപ്പുറം, അരുൺ കുമാർ, സുകുമാരൻ കുതിരപ്പാടി, യുവമോർച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താർ, എ.പി. ഹരീഷ്‌കുമാർ, സൂരജ് ഷെട്ടി, മാധവ തുടങ്ങിയവർ പങ്കെടുത്തു.
വികസനത്തിന് ഊന്നൽ നൽകി
നീലേശ്വരത്തിന്റെ ബഡ്ജറ്റ്
നീലേശ്വരം: വികസനത്തിന് ഊന്നൽ നൽകി നീലേശ്വരം നഗരസഭ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ വി. ഗൗരി അവതരിപ്പിച്ചു. 44.24 കോടി രൂപ വരവും, 42.51 കോടി രൂപ ചിലവും 1.72 കോടി രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് മിനി സിവിൽ സ്റ്റേഷൻ കം ബസ് ടെർമിനൽ നിർമ്മിക്കാൻ 1.5 കോടി രൂപയും വകയിരുത്തി. ദേശീയപാതയിൽ ബസ് ഷെൽട്ടർ നിർമ്മിക്കാൻ 20 ലക്ഷം രൂപ, മാർക്കറ്റ് റോഡിൽ മത്സ്യ മാർക്കറ്റിന് 30 ലക്ഷം രൂപ, പാലാത്തടം യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപം ചിൽഡ്രൻസ് പാർക്കിന് 10 ലക്ഷം രൂപ, കല്ലളൻ വൈദ്യരുടെ പേരിൽ ആരംഭിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിനും ടൗൺ ഹാളിനും ലൈബ്രറിക്കും അടിസ്ഥാന സൗകര്യമൊരുക്കാൻ 20 ലക്ഷം രൂപ, നഗരസഭയിലെ ഭൂജല ജൈവ വിഭവങ്ങൾ സംരംക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ വിനിയോഗത്തിനുമായി 15 ലക്ഷം രൂപ, അഴിത്തല ടൂറിസം വികസന പദ്ധതിയുടെ പശ്ചാത്തല വികസനത്തിന് 10 ലക്ഷം രൂപയും വകയിരുത്തി. രാജാ റോഡ് നവീകരണത്തിന് 10 ലക്ഷം രൂപയും, ഫുട്‌ബാൾ അക്കാദമിക്ക് 1 ലക്ഷം രൂപയും, കബഡി അക്കാദമിക്ക് 5 ലക്ഷം രൂപയും, താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ഷെഡ് നിർമ്മിക്കാൻ 3 ലക്ഷം രൂപയും, വിവിധ റോഡുകളുടെയും ഡ്രൈനേജുകളുടെയും നവീകരണത്തിനായി 25 ലക്ഷം രൂപയും വകയിരുത്തി. അതേസമയം കണക്കുകളുടെ കളി മാത്രമേ ബഡ്ജറ്റിലുള്ളൂയെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. റവന്യൂ വരവ് പരിശോധിക്കാനായില്ലെന്നും എൻജിനീയറിംഗ് വിഭാഗം കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും എറുവാട്ട് മോഹനൻ കുറ്റപ്പെടുത്തി. ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ ആമുഖപ്രസംഗം നടത്തി.