sitaram-yechury

കാസർകോട് : കശ്‌മീരിലെ ഭീകരാക്രമണം കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാൽ ജനങ്ങൾ തിരിച്ചടിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽ.ഡി.എഫിന്റെ കേരള സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ യെച്ചൂരി മഞ്ചേശ്വരത്ത് വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു.

ഭീകരാക്രമണം രാജ്യത്തിനെതിരെയുള്ള ആക്രമണമാണ്. ഭീകരർക്കെതിരെയുള്ള നടപടിക്ക് സർവകക്ഷി യോഗം കേന്ദ്ര സർക്കാരിന് പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. ഈ ഉറപ്പ് തെറ്റായവഴിക്ക് ഉപയോഗിക്കരുത്. ജനങ്ങളെ ഭിന്നിപ്പിച്ച് അശാന്തിയും അസ്വാസ്ഥ്യവും ഉണ്ടാക്കാൻ ലക്ഷ്യമിടുന്ന ഭീകരരുടെ കെണിയിൽ വീഴുന്ന തരത്തിലാകരുത് ഭരണകൂടത്തിന്റെ പ്രതികരണം.

ബി.ജെ.പി സർക്കാരിനെ പുറത്താക്കി രാജ്യത്ത് ബദൽ മതേതര സർക്കാർ രൂപീകരിക്കാനുള്ള പ്രവർത്തനവുമായാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന്‌ശേഷം ഇത് സാധ്യമാകും. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് ശ്രമിക്കുന്നത്. പശ്ചിമബംഗാളിൽ കോൺഗ്രസുമായി സി.പി.എമ്മിന് ധാരണയില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എം.പി, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.