കാഞ്ഞങ്ങാട്: പൊലീസ് എപ്പോഴും ജനങ്ങളുടെ സേവകരാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മേൽപറമ്പ പൊലീസ് സ്റ്റേഷൻ ചട്ടഞ്ചാലിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി നിർവഹണത്തിൽ ജനങ്ങളുടെ പക്ഷത്ത് നിൽക്കുക. ജനങ്ങളിൽ ഭൂരിഭാഗവും പാവങ്ങളാണ്. അതുകൊണ്ട് പാവപ്പെട്ടവരുടെ കൂടെ നിൽക്കുക എന്നതാണ് സർക്കാർ നയം. അതിനാൽ പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കണം. ജനങ്ങൾക്ക് പൂർണമായ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് പൊലീസിന്റെ ഏറ്റവും പ്രധാനമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിമെട്രോ റെയിൽപൊലീസ് സ്റ്റേഷനടക്കം ആറു പൊലീസ് സ്റ്റേഷനുകളാണ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിച്ചത്.
നിലവിൽ കാസർകോട്, വിദ്യാനഗർ, ബേക്കൽ എന്നീ പോലീസ് സ്റ്റേഷനതിർത്തിയൽപ്പെട്ട മേൽപറമ്പ, ചന്ദ്രഗിരി, കീഴൂർ, ചെമ്പരിക്ക, നാലാംവാതുക്കാൽ, എരോൽ, മാങ്ങാട്, ചെമ്മനാട്, പരവനടുക്കം, ചട്ടഞ്ചാൽ, പൊയിനാച്ചി, കോളിയടുക്കം, പെരുമ്പള എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന കളനാട്, ബാര, ചെമ്മനാട്, തെക്കിൽ, പെരുമ്പള തുടങ്ങിയ വില്ലേജുകളിലെ മുഴുവൻ സ്ഥലവും മേൽപറമ്പ പൊലീസ് സ്റ്റേഷനതിർത്തിയിൽ ഉൾപ്പെടുന്നതാണ്. ഒരു ഇൻസ്‌പെക്ടറും, 2 എസ്.ഐമാരും 25 പൊലീസ് സ്റ്റാഫുകളും ഉൾപ്പെട്ടതായിരിക്കും സ്റ്റേഷനിലെ അംഗബലം.
നീലേശ്വരം കഴിഞ്ഞാൽ നാഷണൽ ഹൈവേ സൈഡിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് മേൽപറമ്പ. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിലാണ് മേൽപറമ്പ പോലീസ് സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുക.
ചടങ്ങിൽ കെ .കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷനായി. പി. കരുണാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഫയ്യ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജന്ന എ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ് സ്വാഗതവും പൊലീസ് സബ് ഡിവിഷൻ ഓഫീസർ ഡി. ശില്പ നന്ദിയും പറഞ്ഞു. തുടർന്ന് ഞാൻ അനഘ എന്ന നാടകവും അരങ്ങേറി.
ജില്ലയ്ക്ക് പുതുതായി അനുവദിച്ച മേൽപറമ്പ പൊലീസ് സ്റ്റേഷൻ ചട്ടഞ്ചാലിൽ വീഡിയോ കോൺഫറൻസിംഗ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
ബൈക്കിലെത്തിയ സംഘം
മുക്കുപണ്ടം തട്ടിപ്പറിച്ചു,
വീട്ടമ്മയ്ക്ക് വീണ് പരിക്ക്
കാസർകോട് : ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്ന് രക്ഷപ്പെട്ടു. ചെടേക്കാൽ ചാങ്കുളിയിലെ കല്യാണിയുടെ മുക്കു മാലയാണ് ബൈക്കിലെത്തിയ സംഘം സ്വർണമാണെന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. സംഘത്തിന്റെ തള്ളലിൽ നിലത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 6.45 ഓടെയാണ് സംഭവം.വീട്ടിൽ നിന്ന് ചെർളടുക്ക ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന കല്യാണിയെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം മാല തട്ടിപ്പറിച്ച ശേഷം തള്ളിയിടുകയായിരുന്നു. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.
കാറിടിച്ചു ഗുരുതര പരിക്ക്
കാസർകോട്: അമിതവേഗത്തിലെത്തിയ കാറിടിച്ച് തെറിച്ചുവീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കൊൽക്കത്ത സ്വദേശിയും കളത്തൂരിൽ താമസക്കാരനുമായ മുഹമ്മദ് മത്ത്ബൂർ ഷെയ്ഖിനാണ് (53) പരിക്കേറ്റത്. മത്ത്ബൂറിനെ ദേർളക്കട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.