കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് സി.പി.എമ്മിനോ ജെ.ഡി.എസിനോ വിട്ടുനൽകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
തിരുവനന്തപുരത്ത് ആനി രാജയാണോ കാനമാണോ മത്സരിക്കുന്നതെന്ന് മാർച്ച് ഏഴിനു ശേഷം അറിയാം. മുന്നണിയിൽ പുതുതായി എത്തിയ ഘടക കക്ഷികൾക്ക് സീറ്റ് നൽകുമോ എന്ന് ഇപ്പോൾ പറയാനാകില്ല.
അഭിപ്രായ സർവേകളിലൊന്നും വലിയ കാര്യമില്ല. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും എൽഡി.എഫ് ഉജ്ജ്വലജയം നേടും.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീന ഘടകമാകില്ല. അവിടെ ശരിയായ നിലപാടെടുത്ത ഈ സർക്കാരിനെ ജനങ്ങൾ പിന്തുണയ്‌ക്കും.
പ്രളയദുരിതാശ്വാസത്തിന് സഹായം നൽകാമെന്നു പറഞ്ഞ് കേന്ദ്രം കേരളത്തെ വഞ്ചിച്ചു. കടം വാങ്ങാനുള്ള കേരളത്തിന്റെ പരിധി വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ല.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷ പോലും ഉറപ്പില്ല. അവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് രാജ്യം ഭരിക്കുന്നത്
(കാസർകോട് പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞത്)