ചെറുപുഴ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ ലഭിക്കുന്നതിന് കൃഷിഭവനിൽ അപേക്ഷിക്കാം. ആദ്യഗഡുവായി 2000 രൂപയാണ് ലഭിക്കുന്നത്. രണ്ട് ഹെക്ടർ വരെ സ്ഥലമുളള ചെറുപുഴ കൃഷിഭവൻ പരിധിയിലെ കർഷകർ നികുതി രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികൾ സഹിതം അപേക്ഷിക്കണം. റേഷൻ കാർഡിന്റെ ഒറിജിനൽ ഹാജരാക്കണം. അപേക്ഷകൾ 20ന് ബുധാഴ്ച ഉച്ചയ്ക്ക് മുൻപായി കൃഷിഭവനിൽ നൽകണം.

ജീവൻരക്ഷാ സൈക്കിൾ യാത്രയ്ക്ക് ചെറുപുഴയിൽ സ്വീകരണം
ചെറുപുഴ: കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എ. ഷാജഹാൻ നടത്തുന്ന ജീവൻരക്ഷാ സൈക്കിൾ യാത്രയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി. ചെറുപുഴ ബസ് സ്റ്റാൻഡിൽ ചെറുപുഴ എസ്‌.ഐ. എൻ.എം. ബിജോയിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഹെൽമെറ്റ് വെക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും മദ്യപിച്ചും അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതിനെതിരെയാണ് ഷാജഹാൻ ജീവൻ രക്ഷാ യാത്ര നടത്തുന്നത്. 14 ജില്ലകളിലായി 1645 കിലോ മീറ്റർ ഇദ്ദേഹം സഞ്ചരിക്കും. സ്വീകരണ കേന്ദ്രങ്ങളിൽ ബോധവത്കരണ സന്ദേശമുള്ള ലഘുലേഖകളും വിതരണം ചെയ്തു.

ഗെയിൽ പൈപ്പ് ലൈൻ ദിശ മാറ്റും ആശങ്കയോടെ ജാനു

പാനൂർ: സാങ്കേതിക കാരണങ്ങളുടെ പേരിൽ ഗെയിൽ പൈപ്പ് ലൈൻ മാറ്റുന്നതിന്റെ ആശങ്കയിൽ വിധവയായ വീട്ടമ്മ. പത്തായക്കുന്നിലെ തയ്യിൽ കോട്ടപ്രത്ത് ജാനുവിന്റെ പറമ്പിലെ അവശേഷിക്കുന്ന കൃഷിയാണ് അലൈൻമെന്റ് മാറ്റി നശിപ്പിക്കാൻ ഒരുങ്ങുന്നത്. ഒരു വർഷം മുൻപ് നടത്തിയ സർവെയിൽ ഇവരുടെ 20 സെന്റ് സ്ഥലം ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഏറ്റെടുത്തിരുന്നു. വീടിന്റെ പിന്നിലെ 20 തെങ്ങുകളും 35 കവുങ്ങുകളും 200ലധികം വാഴകളും രണ്ടു കശുമാവും ഞാവൽമരങ്ങളും മുറിച്ചു. ഇതിനുള്ള നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ സമീപത്തെ പുഴയുടെ അടിയിലൂടെ പൈപ്പ് കടത്തിവിടാനുള്ള സങ്കേതിക തടസം ചൂണ്ടിക്കാട്ടി ജാനുവിന്റെ വീടിന്റെ മുന്നിലൂടെ പൈപ്പ് സ്ഥാപിക്കാനാണ് പുതിയ നീക്കം.

മാസങ്ങൾക്ക് മുൻപ് പൈപ്പുകൾ ബന്ധിപ്പിച്ച് വീടിന്റെ പിന്നിൽ വെച്ചിരുന്നു. ഇനി ചാലു കീറി മണ്ണിൽ താഴ്‌ത്തേണ്ട ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് സർവേ നടത്താൻ ഉദ്യോഗസ്ഥർ വീണ്ടും എത്തിയത്. കാര്യം മനസിലാക്കിയ ജാനു നിലവിളിച്ചതോടെ നാട്ടുകാർ ഓടികൂടി. ഇതോടെ സർവേ നടത്താനെത്തിയവർ പിന്മാറി. തനിച്ച് താമസിക്കുന്ന ജാനുവിന്റെ ഏക ഉപജീവന മാർഗ്ഗമായിരുന്നു ഇവിടത്തെ കൃഷി. ഉദ്യോഗസ്ഥരുടെ പിഴവ് കാരണം അവശേഷിക്കുന്നതും കൂടി നശിക്കുമോയെന്ന പരിഭ്രാന്തിയിലാണ് ജാനു.