കണ്ണൂർ. ത്രിതല പഞ്ചായത്ത് ബില്ലുകളും പൊതുമരാമത്ത് ബില്ലുകളും പാസാക്കി കിട്ടാത്തതിൽ പ്രതിഷേധിച്ച് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് രാവിലെ 10 മണിക്ക് ട്രഷറി ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും

സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

മര മുത്തശ്ശി വിടപറഞ്ഞു കുഞ്ഞി മതിലകം ശോകം
പട്ടുവം. കുഞ്ഞിമതിലകം ക്ഷേത്ര കവാടത്തിന് മുന്നിലെത്തിയ നാട്ടുകാർ ഇന്നലെ കണ്ണീർ തൂകുകയായിരുന്നു. നൂറ്റാണ്ടുകളോളം ഇവർക്ക് തണലേകിയ അരയാൽ മരമായിരുന്നു ഇന്നലെ കടപുഴകി വീണത്. കുഞ്ഞിമോലോത്തമ്മയുടെ സന്ധ്യാദീപം കണ്ട് തൊഴാനെത്തിയ പഴയ കാല അനുഭവങ്ങളും പലരും ഓർത്തെടുത്തു. നേരമ്പോക്കുകൾ പറഞ്ഞ് രസിക്കാനെത്തുന്ന വയോജനങ്ങളും ഏറെ ദുഃഖത്തിലായിരുന്നു. നാടിന്റെ ചരിത്രത്തിന് സാക്ഷിയായ അരയാലിന് വൈകാരികമായ യാത്രയയപ്പും നാട്ടുകാർ നൽകി. വിറക് ആക്കാൻ അനുവദിക്കാതെ ക്ഷേത്രത്തിന് കിഴക്ക് വയലിൽ വൃക്ഷത്തെ ദഹിപ്പിക്കുകയായിരുന്നു. കത്തി ചാമ്പലാകുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു ജനം.

യൂത്ത് ലീഗ് പ്രകടനം നടത്തി

ഇരിട്ടി. മന്ത്രിമാരുടെ അഴിമതി പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ കള്ളക്കേസിൽ കുടുക്കുന്നതായി ആരോപിച്ച് ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. സമീർ പുന്നാട്,സക്കരിയ പാറയിൽ, പി.കെ. അബ്ദുൾ ഖാദർ, ഫവാസ് പുന്നാട്, ഷാക്കിർ പത്തൊമ്പതാം മൈൽ, വി.പി. റഷീദ്, കെ.പി. അജ്മൽ, ഷമീൽ മാത്രക്കൽ, ഖാദർ പാനേരി, ടി. ഖാലിദ്, ഇ.കെ. ഷഫാഫ്, ഷംസീർ ഉളിയിൽ, അസ്ലം, അബ്ദുൾ റഹ്മാൻ ചാല, സി. മഹറൂഫ്, സാദിഖ് ഇരിട്ടി എന്നിവർ നേതൃത്വം നൽകി.

പുകയില ഉത്പന്നം പിടികൂടി

ഇരിട്ടി: ഇരുപത്തൊമ്പതാം മൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 1.460 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി അഞ്ച് പേരെ പിടികൂടി. കണ്ണൂർ-വയനാട് പാതയിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ കോട്പ കേസെടുത്തു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.