കണ്ണൂർ: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടന്ന മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു. ട്രെയിനിലും മറ്റും എത്തിയ യാത്രക്കാർ വാഹനം കിട്ടാതെ പെരുവഴിയിലായി. പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് ഇവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സ്കൂളുകളും ഓഫീസുകളും ബാങ്കും തുറന്ന് പ്രവർത്തിച്ചില്ല. കെ. എസ്. ആർ.ടി.സി ബസുകൾ രാവിലെ സർവ്വീസ് നടത്തിയെങ്കിലും സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് പിന്നീട് നിർത്തിവച്ചു. പലയിടത്തും ടയർ കത്തിച്ചും കല്ലുകൾ നിരത്തിയും ഹർത്താലനുകൂലികൾ ഗതാഗതം തടഞ്ഞു. പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്.
തലശേരി, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂർ, പാനൂർ എന്നിവിടങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. മട്ടന്നൂരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. .
അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗങ്ങളും നടന്നു. തില്ലങ്കേരി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി രജീഷ് ,രാഗേഷ് തില്ലങ്കേരി, കെ. അഭിലാഷ്,കെ. ഇ. നവീൻ, സി. വി. സന്തോഷ്, എൻ.കെ. രോഹിത്ത്, എം. ജിബിൻ എന്നിവർ നേതൃത്വം നൽകി.