cpm-
കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശരത് ലാലിന്റെ പിതാവ് സത്യനെയും സഹോദരി അമൃതയെയും ആശ്വസിപ്പിക്കാനാകാതെ പൊട്ടിക്കരയുന്നു

കാസർകോട്: പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എം അനുഭാവികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പേര് ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കുണ്ടെന്ന് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കി.

കൊല്ലപ്പെട്ട പെരിയ കല്യോട്ട്‌ സ്വദേശി കൃപേഷ് (21), കൂരാങ്കര സ്വദേശി ശരത്‌ലാൽ (27) എന്നിവരോട് സി.പി.എം പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നെന്നും പ്രാദേശിക നേതാക്കൾക്ക് ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നെന്നും എഫ്.ഐ.ആറിലുണ്ട്.

അതേസമയം കൃത്യത്തിന് പിന്നിൽ മൂന്നംഗ ക്വട്ടേഷൻ സംഘമാണെന്നും സൂചനയുണ്ട്. കൊലപാതകത്തിനുശേഷം സംഘം ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായി കർണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

തങ്ങൾക്ക് വധഭീഷണിയുള്ളതായി

കൃപേഷും ശരത്‌ലാലും ബേക്കൽ പൊലീസിനെയും സ്ഥലം എം.എൽ.എയെയും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.പൊലീസ് ഇക്കാര്യത്തിൽ കാര്യക്ഷമായി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.

മഴു,​കൊടുവാൾ എന്നിവപോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിറുത്തുകയും വെട്ടിവീഴ്ത്തുകയുമായിരുന്നു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണത്തിന് കാരണം. കൃപേഷിന്റെ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റവെട്ടാണ്. 11 സെന്റിമീറ്റർ നീളത്തിലും 2 സെന്റിമീറ്റർ വീതിയിലും വെട്ടേറ്റ് തല പിളർന്ന് തലച്ചോർ ചിതറിയതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരത് ലാലിന്റെ ശരീരത്തിൽ 15 വെട്ടുകളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. മാരകമായ രണ്ടു വെട്ടുകൾ ശരത്തിന്റെ മരണത്തിന് കാരണമായി. ഇടതുനെറ്റി മുതൽ 23 സെന്റീമീറ്റർ നീളത്തിലുള്ള മുറിവാണ് അതിലൊന്ന്. വലതുചെവി മുതൽ കഴുത്തുവരെ നീളുന്ന വെട്ടാണ് രണ്ടാമത്തേത്. വേട്ടേറ്റ് 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടർന്ന് സംഘം ആക്രമിക്കുകയായിരുവെന്ന്‌ പൊലീസ് പറയുന്നു.സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ടു മൊബൈൽ ഫോൺ, വാളിന്റെ പിടി എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അക്രമികൾ സ‌ഞ്ചരിച്ചുവെന്ന് കരുതുന്ന രണ്ട് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

തുടക്കം കോളേജിലെ തർക്കം

മാസങ്ങൾക്കുമുൻപ് സഹകരണ കേളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവമാണ് കല്യോട്ട് പ്രദേശത്തെ അക്രമങ്ങൾക്ക് തുടക്കം. പിന്നീട് സി.പി.എം -കോൺഗ്രസ് പ്രവർത്തകർ ഇതിന്റെ പേരിൽ പലതവണ ഏറ്റുമുട്ടി. രാഷ്ട്രീയ കേസുകളിൽ കൊല്ലപ്പെട്ട രണ്ടു പേരും ഉൾപ്പെട്ടിരുന്നു. സി.പി.എം പ്രവർത്തകനായ പീതാംബരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ ശരത്‌ലാലിനെ ഒന്നാം പ്രതിയും കൃപേഷിനെ ആറാം പ്രതിയുമാക്കി വധശ്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന് ശരത്‌ലാൽ അറസ്റ്റിലായെങ്കിലും കൃപേഷിനെ അറസ്റ്റ് ചെയ്യാനായില്ല. ജനുവരിയിൽ കല്യോട്ട് എ.കെ.ജി ക്ളബ്ബിന് നാശം വരുത്തിയ കേസിലും ശരത് ലാൽ ഒന്നും കൃപേഷ് നാലാം പ്രതിയുമാണ്.