kripesh

കാസർകോട് :യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികൾ ആരും ഇല്ലാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നു. ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് ഇപ്പോൾ അന്വേഷണം. അതേസമയം കൊല നടന്ന ദിവസം രാവിലെ കെ.എൽ 13, കെ.എൽ 10 രജിസ്‌ട്രേഷനിലുള്ള രണ്ട് ജീപ്പുകൾ പെരിയ കല്യോട്ട് ഭാഗങ്ങൾ കറങ്ങുന്നുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസ് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈ.എസ്.പി ജെയ്സൺ കെ. എബ്രഹാം,​ സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പി കെ. ഹരീഷ് ചന്ദ്രനായിക്,​ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്.

വധഭീഷണി: കേസ് എടുത്തിരുന്നെന്ന് പൊലീസ്

വധഭീഷണി ഉണ്ടെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ അരുണേശ്, നിഥിൻ, നീരജ് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസ് എടുത്തിരുന്നെന്ന് പൊലീസ് പറയുന്നു. ഈ കേസിൽ ഡിസംബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെന്നും പൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ പറഞ്ഞു

ഹർത്താൽ അക്രമം: കർശന നടപടി

കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിലുണ്ടായ അക്രമ സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.