കാസർകോട്: പെരിയ കല്യോട്ട് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം സംസ്ഥാന ഹർത്താൽ കാസർകോട്ട് പൂർണം. കടകൾ അടഞ്ഞുകിടന്നു. കെ.എസ്.ആർർ. ടി.സി അടക്കമുള്ള ബസുകൾ നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളും സ്‌കൂളുകളും തുറന്നുപ്രവർത്തിച്ചില്ല.

ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായി. സി.പി എം ഓഫീസുകൾക്കും കടകൾക്കും നേരെ കല്ലേറും അക്രമവുമുണ്ടായി. അക്രമങ്ങൾ ഒഴിവാക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. പ്രവർത്തകരുടെ വികാര പ്രകടനങ്ങൾ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു വിലക്കിയിരുന്നു.

കാസർകോട് നഗരത്തിൽ തിങ്കളാഴ്ച രാവിലെ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെല്ലാം ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. രാവിലെ കുറച്ചു നേരം തടഞ്ഞതൊ ഴിച്ചാൽ പിന്നീട് സർവീസ് നടത്തുന്ന വാഹനങ്ങൾ തടയുകയോ നിർബന്ധിച്ചു കടകളും സ്ഥാപനങ്ങളും അടപ്പിക്കുയോ എവിടെയും ഉണ്ടായില്ല.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ബേവിക്കാനം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കെ.ബി.മുഹമ്മദ് കുഞ്ഞി, സി.അശോക് കുമാർ, ബി.എം.അബൂബക്കർ, ഇ.മണികണ്ഠൻ, ഷെരീഫ് കൊടവഞ്ചി മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, ബാലകൃഷ്ണൻ പണൂർ, മസൂദ് ബേവിക്കാനം,സനൽ മുണ്ടക്കൈ, അനിൽ മുണ്ടക്കൈ, എ.ബി.അബ്ദുല്ല, പി.അബ്ദുല്ല കുഞ്ഞി ഹാജി, സുധീഷ് പണൂർ, മോഹനൻ,വേണുകുമാർ അമ്മങ്കോട്, കൃഷ്ണൻ ചേടിക്കാൽ,പ്രസന്നചന്ദ്രൻ, നസീർമൂലടുക്കം,ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, റസാഖ്ചാപ്പ, സിദ്ധീഖ് കുണിയേരി, കുഞ്ഞിക്കണ്ണൻ മുണ്ടക്കൈ നേതൃത്വം നൽകി.

കാസർകോടും പെരിയയിലും അക്രമങ്ങൾ
കാസർകോട് നഗരത്തിൽ സംഘടിച്ച യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടയുകയും എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയുടെ ഫ്ളക്സ് ബോർഡുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. ബോർഡുകളും മറ്റും തീയിട്ട് നശിപ്പിച്ചത് പൊലീസും പ്രവർത്തകരും തമ്മിലുള്ള നേരിയ വാക്കേറ്റത്തിന് കാരണമായി. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പെരിയ പുല്ലൂരിൽ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടസപ്പെടുത്തി. കല്യോട്ട് സി.പി.എം പ്രവർത്തകരുടെ കടകൾക്കുനേരെ അക്രമം ഉണ്ടായി.സി.പി.എം ഓഫീസുകളും ആക്രമിച്ചു. വികാരപ്രകടനം അതിരുകടക്കാൻ തുടങ്ങിയപ്പോൾ ഹൊസ്ദുർഗ് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അക്രമം നടത്തുന്നവരെ പിന്തിരിപ്പിച്ചു. അക്രമം ഉണ്ടാകുന്നത് തടയാൻ കാസർകോട് പൊലീസിന് പുറമെ കണ്ണൂരിൽ നിന്നും കൂടുതൽ സായുധ പൊലീസിനെ പെരിയയിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.


ഹർത്താൽ ആഹ്വാനം അപഹാസ്യം: അഡ്വ. കെ.ശ്രീകാന്ത്.
പെരിയ: കല്യോട്ട് സിപിഎമ്മുകാർ നടത്തിയ അരും കൊലയിൽ കോൺഗ്രസ് നേതൃത്വത്തിനു ആത്മാർത്ഥമായ പ്രതിഷേധമുണ്ടെങ്കിൽ ജില്ലയിൽ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണം ഒഴിവാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. സി.പി.എമ്മിനു നൽകുന്ന പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് തയ്യാറാകണം. രണ്ട് യുവ പ്രവർത്തകരെ ക്രൂരമായി കൊല ചെയ്ത പാർട്ടിക്കൊപ്പം കോൺഗ്രസ് അധികാരത്തിൽ തുടരുന്നത് അണികൾ തിരിച്ചറിയണമെന്നും ശ്രീകാന്ത് പ്രസ്താവനയിൽ പറഞ്ഞു.


സി.പി.എം നേതൃത്വത്തിന്റെ പങ്ക്

അന്വേഷിക്കണം: യൂത്ത് ലീഗ്
കാസർകോട്:പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടു
ത്തിയത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഇക്കാര്യത്തിൽ നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്രഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. സി.പി.എം കണ്ണൂരിൽ നടപ്പിലാക്കി വരുന്ന പ്രതികാര കൊലപാതക രാഷ്ട്രീയമാണ് ഇവിടെയും പ്രയോഗിച്ചതെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.