കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 26ന് നടക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് 1.76 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരം യാഥാർത്ഥ്യമാക്കുന്നത്.
ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് മെയിൻഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ശിലാസ്ഥാപനം നിർവഹിക്കും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷതവഹിക്കും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയായിരിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ 'മാധ്യമ വർത്തമാനം' എന്ന വിഷയത്തിൽ എതിർദിശ പത്രാധിപർ പി.കെ സുരേഷ്‌കുമാർ സംസാരിക്കും.

അതിജീവനം ഡോക്യുഫെസ്റ്റ് 25 മുതൽ തൃക്കരിപ്പൂരിൽ

തൃക്കരിപ്പൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവൽ 2019' ഈ മാസം 25 മുതൽ 27 വരെ തൃക്കരിപ്പൂർ ടൗണിൽ നടക്കും. 25 ന് ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂർ സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ 'പ്രളയ ശേഷം ഹൃദയപക്ഷം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുന്നത്. ഫെസ്റ്റിൽ 15 ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുകയും സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.