kripesh
കൃപേഷ്

കാസർകോട്: കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മുകാർ തന്നെയാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണൻ പറഞ്ഞു. ''അവർ എന്റെ തലയെടുക്കും'' എന്ന് കൃപേഷ് പറയാറുണ്ടായിരുന്നു.

''അവർ തന്നെയാണ് എന്റെ മോനെ കൊന്നത്. സി.പി.എമ്മുകാരായ പീതാംബരനും വത്സനും അറിയാതെ ഒന്നും സംഭവിക്കില്ലെ''ന്നും അദ്ദേഹം പറഞ്ഞു. പകയോടെയാണ് അവർ മകനോട് പെരുമാറിയിരുന്നത്. കല്യോട്ട് ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ സംഭവത്തിനുശേഷം കേസുകൾ നടക്കുന്നുണ്ടായിരുന്നു. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം ഇരുകൂട്ടരും പറഞ്ഞുതീർത്തിരുന്നു. കോൺഗ്രസുകാരും സി.പി.എമ്മുകാരും തമ്മിൽ അതിനുശേഷം യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഭീഷണി ഉണ്ടായിരുന്നു. ഈ നേതാക്കളെല്ലാം കൃപേഷിനെയും ശരത്തിനെയും വകവരുത്തുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. അവർക്കെതിരെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പൊലീസ് കാര്യമായ നടപടിയൊന്നും എടുത്തിരുന്നില്ലെന്നും കൃഷ്ണൻ പറഞ്ഞു.