കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്തിന്റെ അച്ഛൻ സത്യനെയും സഹോദരി അമൃതയെയും ആശ്വസിപ്പിക്കുന്നതിനിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു. സങ്കടം അണപൊട്ടി. സത്യന്റെ കൈ പിടിച്ച് മുല്ലപ്പള്ളി വാവിട്ട് കരഞ്ഞു. കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർക്കൊപ്പമാണ് മുല്ലപ്പള്ളി ശരത്തിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിച്ചത്. നിരാലംബരായ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനാവാതെ നേതാക്കൾ കുഴങ്ങി.
കൊലപാതകം നടത്തിയിട്ട് കൈയൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊല്ലുക, പണം പിരിക്കുക, തടിച്ചു കൊഴുക്കുക എന്നതു മാർക്സിസ്റ്റ് പാർട്ടിയുടെ ശൈലിയാണ്. കൊലയ്ക്കു ശേഷം ഞങ്ങൾക്ക് അറിയില്ല, പാർട്ടിക്ക് ബന്ധമില്ല എന്നൊക്കെ പറയും. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാൽ മരിക്കുന്നത്.
അത്താണി നഷ്ടപ്പെട്ട ഈ തൊഴിലാളി കുടുംബങ്ങളുടെ ദുരിതം നേരിട്ടു കാണാൻ മുഖ്യമന്ത്രി എത്തണം. ആയുധം താഴെ വയ്ക്കാൻ അണികളോട് മുഖ്യമന്ത്രി ആവശ്യപ്പെടണം. അങ്ങനെ ചെയ്താൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ അക്രമരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിക്കും. അതിനുള്ള തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കരുത് - മുല്ലപ്പള്ളി പറഞ്ഞു.