കാസർകോട്: ഓല മേഞ്ഞ ഒറ്റമുറി. ദ്രവിച്ച മേൽക്കൂരയിലൂടെ മഴവെള്ളമിറങ്ങാതിരിക്കാൻ അവിടവിടെ ടാർപോളിൻ തുണ്ടുകളുടെ മറ. അക്രമികൾ നിഷ്കരുണം കൊന്നു തള്ളിയ കൃപേഷിന്റെ (19) കുടുംബത്തിന്റെ ആകെ സമ്പാദ്യമാണിത്. കൃപേഷും അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന അഞ്ചംഗ കുടുംബം ഈ ഒറ്റമുറിയിലാണ് അന്തിയുറങ്ങിയിരുന്നത്. കണ്ണിൽ ചോരയില്ലാത്തവരുടെ ക്രൂരതയ്ക്ക് മുമ്പിൽ തേങ്ങുകയാണ് കല്യോട് ഗ്രാമം.
പെയിന്റിംഗ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടെയും മകനായ കൃപേഷ് വീടിന്റെ താങ്ങും തണലുമായിരുന്നു. കൂലിപ്പണി എടുത്താണ് കൃപേഷ് പോളിടെക്നിക് പഠനം പൂർത്തിയാക്കിയത്. ഒരു ജോലി എന്ന സ്വപ്നം മനസിലിട്ട് നടക്കുന്നതിനിടയിലാണ് കൊലയാളികൾ ആ ജീവനെടുത്തത്.
കോൺഗ്രസ് -സി.പി.എം സംഘർഷത്തെ തുടർന്ന് ഭീഷണിയുണ്ടായിരുന്നതിനാൽ കുറച്ചു നാളായി കൃപേഷ് മറ്റൊരിടത്താണ് അന്തിയുറങ്ങിയിരുന്നത്.
മകന്റെ മൃതദേഹം അന്ത്യകർമ്മങ്ങളർപ്പിക്കാൻ കിടത്താനോ അടക്കം ചെയ്യാനോ സ്ഥലസൗകര്യമില്ലാതെ സങ്കടപ്പെടുകയായിരുന്നു കൃഷ്ണൻ. മൃതദേഹം വീട്ടിൽ കൊണ്ടു വന്നാൽ കിടത്തുന്നതിന് അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് മുറ്റത്തെ ചെമ്മണ്ണ് കിളച്ച് സൗകര്യം ഒരുക്കുകയായിരുന്നു.
അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് കൊലയാളി സംഘം ചെയ്തതെന്ന് വീടു സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.