body-pariyaram-medical-co

പെരിയ (കാസർകോട്) : പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണ് കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, സതീശൻ പാച്ചേനി, ഹക്കിം കുന്നിൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്.

വഴിനീളേ കോൺഗ്രസ് പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും അന്തിമോപചാരം അർപ്പിക്കാനായി കൂടിനിന്നിരുന്നു. തൃക്കരിപ്പൂർ വഴിയാണ് മൃതദേഹങ്ങൾ പെരിയയിലേക്ക് കൊണ്ടുപോയത്. കാലിക്കടവിലും തൃക്കരിപ്പൂരിലും ചെറുവത്തൂർ മയ്യിച്ചയിലും നീലേശ്വരത്തും പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് 4.30 ഓടെയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങൾ ഇരുവർക്കും അന്തിമോപചാരം അർപ്പിച്ചു. യു.ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം കാഞ്ഞങ്ങാട്ട് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. ജനത്തിരക്കുകാരണം മൃതദേഹങ്ങൾ താഴെയിറക്കാൻ കഴിഞ്ഞിരുന്നില്ല. റീത്തുകൾ ആംബുലൻസിൽ വച്ചാണ് പ്രവർത്തകരും നേതാക്കളും അന്തിമോപചാരം അർപ്പിച്ചത്. ഇതിനു ശേഷം മൃതദേഹങ്ങൾ ഇരുവരുടെയും സ്വദേശമായ പെരിയയിലേക്ക് കൊണ്ടുപോയി. പെരിയ ടൗണിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനു വച്ച ശേഷം വീടുകളിലെത്തിച്ചു. വൈകിട്ട് ആറു മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങിയത്. ഇരുവരുടെയും മൃതദേഹങ്ങൾ അടുത്തടുത്തായാണ് സംസ്‌കരിച്ചത്. തുടർന്ന് അനുശോചന യോഗം ചേർന്നു.