തലശേരി: എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കി. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എം.എൽ.എയ്ക്കും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രമാണ് മടക്കിയത്. സി.ബി.ഐക്കു കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും, കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി
തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി.
കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും സെഷൻസ് കോടതി പരിഗണിച്ചില്ല. ഇതിനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തള്ളിയത്.
പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹർജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടതെന്നു തീരുമാനിച്ചശേഷം വിടുതൽ ഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
2012 ഫബ്രുവരി 20 നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി. രാജേഷ് എം.എൽ.എയും സഞ്ചരിച്ച കാറിനുനേരെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയെന്നാരോപിച്ച് ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ച് വിചാരണയ്ക്ക് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമം 118 പ്രകാരം വെറും ഗൂഢാലോചന മാത്രമാണ് നേരത്തേ ചുമത്തിയിരുന്നത്. ക്രിമിനൽ ഗൂഢാലോചനക്കുറ്റമായ ഇന്ത്യൻ ശിക്ഷാനിയമം 120 (ബി) യും കൊലക്കുറ്റമായ 302 ഉം ചുമത്തി കഴിഞ്ഞ 11നാണ് സി.ബി.ഐ തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.