കാസർകോട്: ഉറ്റവരുടെ കണ്ണീരടങ്ങുന്നില്ല. പെരിയ കല്ല്യോട്ടെ കൃപേഷിന്റെ ഓലക്കുടിലിൽ ഇപ്പോഴും ഉയർന്നു കേൾക്കുന്നത് മാതാപിതാക്കളുടെയും സഹോദരിമാരുടെയും നെഞ്ചുതകർക്കുന്ന വിലാപം. തകർന്ന് വീഴാൻ പാകത്തിൽ നിൽക്കുന്ന ഒറ്റമുറി ഓലപ്പുരയ്ക്ക് ഇനിയുമിത് താങ്ങാനാകുമോയെന്ന് തോന്നിപ്പോകും ആർക്കും. ഇതിനുള്ളിലെ കുടുംബത്തിന് താങ്ങും തണലുമായി നിന്ന യുവാവിനെയാണ് കഴിഞ്ഞദിവസം രാഷ്ട്രീയ വിരോധത്തിൽ അരുംകൊല ചെയ്തത്.
കൃപേഷും അച്ഛൻ കൃഷ്ണനും അമ്മ ബാലമണിയും രണ്ട് സഹോദരിമാരും അന്തിയുറങ്ങിയിരുന്ന ഓലമേഞ്ഞ മേൽക്കൂരയിൽ മഴ പെയ്താൽ ചോരാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചിരിക്കുന്നു. ആ ഷീറ്റുകൾക്ക് പോലും തുള വീണിട്ടുണ്ട്.
എത്രയും പെട്ടെന്ന് ഒരു ജോലി നേടാനാണ് കൃപേഷ് പ്ലസ്ടു കഴിഞ്ഞ ഉടനെ പെരിയ പോളിടെക്നിക്കിൽ ചേർന്നത്. കല്യോട്ട് സ്‌കൂളിൽ കെ.എസ്.യു പ്രവർത്തകനായ കൃപേഷ് പെരിയ പോളിടെക്നിക്കിൽ എത്തിയപ്പോഴും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എതിരാളികളുടെ നിരന്തര ആക്രമണങ്ങൾ പഠനത്തിൽ പലപ്പോഴും വഴിമുടക്കിയായി. പിന്നീട് പിതാവിനൊടൊപ്പം പെയിന്റിംഗ് ജോലിയെടുത്ത് കുടുംബത്തിന് സഹായമാവുകയായിരുന്നു.
എന്നാൽ കൃപേഷിന്റെ ലക്ഷ്യം രാജ്യത്തിന്റെ കാവലാളാവുകയായിരുന്നു. പോളിയിലെ പഠിത്തം മതിയാക്കുമ്പോൾ ഒരു പട്ടാളക്കാരനായി മാറാനുള്ള തന്റെ ആഗ്രഹം അവൻ പലരോടും പങ്കുവച്ചു. ആറ് മാസം മുമ്പ് ഒരു സെലക്ഷൻ റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തുവെങ്കിലും അവസാനം ഒരു ടെസ്റ്റിൽ പരാജയപ്പെട്ട കൃപേഷ് അടുത്ത റിക്രൂട്ട്‌മെന്റിന് വിജയിക്കാൻ പ്രാക്ടീസിനും കോച്ചിംഗിനും പങ്കെടുത്ത് വരുന്നതിനിടയിലാണ് നിഷ്ഠൂരമായ രാഷ്ട്രീയ വിരോധം ആ ജീവനെടുത്തത്.
കൃപേഷിന്റെ മൂത്ത സഹോദരി കൃപയെ ചായ്യോത്ത് വിവാഹം ചെയ്തയച്ചിരുന്നു. ഗർഭിണിയായ കൃപയെ അടുത്തിടെയാണ് പ്രസവത്തിനായി കൂട്ടിക്കൊണ്ടുവന്നത്. ഇളയ സഹോദരി കൃഷ്ണപ്രിയ പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. കൃപേഷിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കുടുംബത്തിന് വീട് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ ക്ലബുകൾ, വായനശാലകൾ, ക്ഷേത്രങ്ങൾ തുടങ്ങി നാട്ടിലെ കൂട്ടായ്മകളിലെല്ലാം കല്യോട്ട് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റേയും സാന്നിദ്ധ്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഏറെ സുഹൃത്തുക്കൾ ഉണ്ടായിരുന്ന ഇവർ എന്നും സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും ഒത്തുകൂടാറുണ്ട്. കളിപറഞ്ഞിരുന്ന് രാത്രിയോടെയായിരിക്കും പിരിയുന്നത്. രാഷ്ട്രീയ എതിരാളികളുടെ ഭീഷണി ശക്തമായതോടെ ഇവർ ഒറ്റയ്ക്ക് എവിടെയും പോകാറില്ലായിരുന്നു. പലപ്പോഴും സുഹൃത്തുക്കൾ വീടുകളിൽ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. അങ്ങനെ ആ ദിവസം ശരത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് ഒളിച്ചുനിന്ന കൊലയാളി സംഘം കൃപേഷിനേയും ശരത്തിനെയും വെട്ടിനുറുക്കിയത്.
എന്റെ മോനോട് എന്തിനീ ക്രൂരത കാട്ടി?
പോളിടെക്‌നിക്ക് പഠനം കഴിഞ്ഞാൽ എവിടെയെങ്കിലും ജോലിക്ക് അയയ്ക്കണമെന്നായിരുന്നു വിചാരിച്ചത്. എന്നാലും അവർ എന്റെ മോനെ ഇല്ലാതാക്കുമെന്ന് കരുതിയില്ല. 'അവർ എന്റെ തലയെടുക്കുമെന്ന്' അവൻ പലപ്പോഴും പറയാറുണ്ടായിരുന്നു. എന്നാൽ എല്ലാം പറഞ്ഞുതീർത്തിട്ടും എന്റെ മോനോട് എന്തിനീ ക്രൂരത കാണിച്ചു? കൃപേഷിന്റെ അച്ഛൻ കൃഷ്ണന് കണ്ണീരടക്കാൻ ആവുന്നില്ല.