കണ്ണൂർ: ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മൽസരത്തിൽ ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 8 വിക്കറ്റിന് സോണൽ ക്രിക്കറ്റ് അക്കാഡമിയെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സോണൽ ക്രിക്കറ്റ് അക്കാഡമി 29.3 ഓവറിൽ 102 റൺസിന് എല്ലാവരും പുറത്തായി.സോണൽ ക്രിക്കറ്റ് അക്കാഡമിക്ക് വേണ്ടി ശ്രീജു രാജ് 41 റൺസ് എടുത്തു. സീഗൾസിന് വേണ്ടി ക്യാപ്റ്റൻ ആഷിഖ് 27 റൺസിന് 4വിക്കറ്റും കെ.ഗോകുൽ 39 റൺസിന് 3 വിക്കറ്റും പി.പി.ബദറുദ്ദീൻ 7 റൺസിന് 2 വിക്കറ്റും വീഴ്ത്തി.

മറുപടിയായി ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 10.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. സീഗൾസിന് വേണ്ടി എ.അഭിനന്ദ് പുറത്താകാതെ 47 റൺസും എ.നൗഷാദ് 21 റൺസുമെടുത്തു. അക്കാദമിക്ക് വേണ്ടി പി.നസലും അജ്‌നാസ് അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആഷിഖിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.നാളെ നടക്കുന്ന മത്സരത്തിൽ ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബ് ധർമ്മടം ഗവൺമെന്റ് ബ്രണ്ണൻ കോളേജിനെ നേരിടും.


തില്ലാനനൃത്ത വിദ്യാലയം വാർഷികം ആഘോഷിച്ചു.
മാഹി:പള്ളൂർ തില്ലാനനൃത്ത വിദ്യാലയത്തിന്റെ മൂന്നാം വാർഷികാഘോഷം പ്രമുഖ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കോയ്യോട്ട് തെരു മഹാഗണപതി ക്ഷേത്രം സ്റ്റേജിൽ നടന്ന ആഘോഷ ചടങ്ങിൽ ചാലക്കര പുരുഷു അദ്ധ്യക്ഷനായി. സത്യൻ കേളോത്ത് വി.ജനാർദ്ദനൻസംസാരിച്ചു.പ്രസീജ സ്വാഗതവും, ഷീജ ശിവദാസ് നന്ദിയും പറഞ്ഞു


ചിത്രവിവരണം:തില്ലാന നൃത്ത വിദ്യാലയം മൂന്നാം വാർഷികാഘോഷം കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു


ഇടപാടുകാരുടെ കോടികളുമായി ടി.എൻ.ടി.ചിട്ടി ഉടമകൾ മുങ്ങി

തലശ്ശേരി:ലേലക്കുറി ഇനത്തിൽ ഇടപാടുകാരിൽ നിന്നും സ്വീകരിച്ച കോടികളുമായി നഗര പാർശ്വത്തിൽ വർഷങ്ങളായി പരസ്യമായി പ്രവർത്തിച്ചു വന്ന അനധികൃത ചിട്ടിക്കമ്പനി നടത്തിപ്പുകാർ സ്ഥലം വിട്ടു തലശ്ശേരി മഞ്ഞോടിയിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഓഫിസും ആറോളം ജീവനക്കാരും ജോലി ചെയ്തിരുന്ന ടി.എൻ.ടി.ചിട്ടിക്കമ്പനിയാണ് ആസൂത്രിതതട്ടിപ്പ് നടത്തിയത്.

ഇവിടെ മാത്രം ഏതാണ്ട് 700 ഓളം ചിറ്റാളന്മാർ വഞ്ചിക്കപ്പെട്ടതായി വിവരമുണ്ട്. ജീവിത സമ്പാദ്യങ്ങൾ ഏറണാകുളത്തിനടുത്ത വടക്കൻപരവൂർ സ്വദേശികളായ ടെൽസൺ തോമസ് (44), നെൽസൺ തോമസ് (42) സഹോദരങ്ങളാണ് ചിട്ടിക്കമ്പനി നടത്തിപ്പുകാർ ഈ കമ്പനിയിൽ മൂന്ന് ലക്ഷത്തിന്റെ ചിട്ടിക്ക് ചേർന്ന് 1.80ലക്ഷം നഷ്ടപ്പെട്ട എരഞ്ഞോളിയിലെ സുമിത്ത് നിവാസിൽ സുബിന്റെ പരാതിയെ തുടർന്ന് ഇരുവർക്കുമെതിരെ വിശ്വാസ വഞ്ചനക്ക് തലശ്ശേരി പൊലീസ് കേസെടുത്തു.തലശ്ശേരി മഞ്ഞോടി,​പയ്യന്നൂർ, തളിപറമ്പ് ,ആലക്കോട്, കുടിയാന്മല ,കൂത്തുപറമ്പ് ബസാറുകളിലെ കമ്പനിയുടെ ഓഫീസുകളും അടഞ്ഞുകിടപ്പാണ്.

തലശ്ശേരി - മൈസൂർ പാതയിൽ വീണ്ടും പ്രതീക്ഷയുടെ ചൂളം വിളി
തലശ്ശേരി :തലശ്ശേരി മൈസൂർ റെയിൽപാതയുടെ വഴിയിൽ ഒരിക്കൽ കൂടി സാധ്യതയുടെ ചൂളം വിളി. മുൻകാലങ്ങളിൽ നടന്ന സർവ്വേകളുടെ പിന്നാലെ ഉയർന്ന വിവാദങ്ങളെ ഒഴിവാക്കാനായി കബനീനദിയുടെ അടിയിലൂടെ പതിനൊന്നര കിലോമീറ്ററോളം ടണൽ നിർമ്മിച്ച് പാളം സ്ഥാപിക്കാനാണ് ഇപ്പോഴത്തെ പദ്ധതി.ഇതിന് 6000 കോടിയോളം ചിലവ് വരുമെന്നാണ് പ്രാഥമിക നിഗമനം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ റെയിൽവെ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് ചർച്ചയ്ക്കെടുത്ത തലശ്ശേരി -മൈസൂർ സ്വപ്ന പാത 112 വർഷക്കാലം പിന്നിട്ടിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണിന്ന്. കർണാടകയിലെ കോഫീ പ്ലാന്റർമാർ പാരിസ്ഥിതിക പ്രശ്‌നം ഉയർത്തിയെടുത്ത് കൊണ്ടുവന്ന എതിർപ്പ് മറികടക്കാനാണ് ഇപ്പോൾ ഭൂഗർഭ പാതയെന്ന ആശയം ഉയർത്തിയിരിക്കുന്നത് കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ 11.5 കിലോമീറ്ററിൽ ടണൽ വഴി റെയിൽപാത നിർമ്മിക്കാമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ കർണാടക സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരിനും കേരള സർക്കാരിനും 49:51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണിത്.
11.5 കിലോമീറ്റർ ടണലിന് മാത്രം 1200 കോടിയോളം ചിലവ് വരുമെന്നാണ് കണക്ക് കൂട്ടൽ പാത പണിയാനുള്ള മൊത്തം ചിലവ് 6,000 കോടി .ഇതിന് പുറമെ ഭൂമി ഏറ്റെടുക്കാനും കൂടുതൽ പണം വേണ്ടിവരും.നേരത്തെ തലശേരി, കൂത്തുപറമ്പ് ,​മാനന്തവാടി, കേണിച്ചിറ, പുൽപ്പള്ളി,കുട്ട വഴിയായിരുന്നു പാതയുടെ സാദ്ധ്യത ആലോചിച്ചിരുന്നത്. നിലവിൽ തലശേരിയിൽ നിന്ന് കോഴിക്കോട്, ഷൊർണൂർ വഴി ട്രെയിൻ മാർഗം ബംഗളൂരുവിലെത്താൻ 15 മണിക്കൂറെടുക്കും. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർകൊണ്ട് (207 കിലോമീറ്റർ ) മൈസൂരിലും തുടർന്ന് മൂന്ന് മണിക്കൂർകൊണ്ട് ബംഗളൂരുവിലും എത്താം. പത്തു മുതൽ പതിനഞ്ച് കിലോമീറ്രർ വരെയുള്ള ദൂരത്ത് സ്റ്റേഷനുകൾ അനുവദിക്കും. കൊങ്കൺ റെയിൽ കോർപ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി.പി.ആർ തയാറാക്കിയത്. ലണ്ടൻ കേന്ദ്രീകരിച്ച ബഹുരാഷ്ട്ര കൺസൾട്ടിംഗ് കമ്ബനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. റൂട്ട് വളരെ ലാഭകരമായിരിക്കുമെന്നാണ് പഠന റിപ്പോർട്ട്.
ഇപ്പോൾ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാൽ കാറുകൾ, മറ്രുവാഹനങ്ങൾ എന്നിവയെ പുതിയ റൂട്ടിലെ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്.


മഹാകവിത്രയ സമ്മേളനം 24 ന് മാഹിയിൽ

മാഹി: ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാകവിത്രയ സമ്മേളനം 24ന് മാഹിയിൽ നടക്കുമെന്ന് പത്രസമ്മേളനത്തിൽ സാഹിത്യ വേദി പ്രസിഡന്റ് സോമൻ മാഹി അറിയിച്ചു. മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ 3.30 ന് ഡോ.വി.രാമചന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ഭാരത ദേശം മാസിക പത്രാധിപർ എ.ഗംഗാധരൻ, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, അക്ഷര ഗുരു, കവിയൂർ ,പി.സി.ദിവാനന്ദൻ, അഡ്വ.പി.കെ.രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
ചടങ്ങിൽ 33 വർഷത്തിനിടയിൽ ഒരു ലക്ഷത്തോളം പേർക്ക് കരാട്ടെ രംഗത്ത് പരിശീലനം നൽകിയ പാറാൽ സ്‌പോർട്ട് സ് കരാട്ടെ ഡെ അക്കാഡമി ഓഫ് ഇന്ത്യ യുടെ സ്ഥാപകൻ ഡോ.വിനോദ് കുമാറിന് കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം നൽകി ആദരിക്കും. ഇ.വത്സരാജ് പുരസ്‌ക്കാരം സമ്മാനിക്കും. കവിയൂർ രാഘവൻ, ആർട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂർ, ചന്ദ്രൻ മന്ന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ഏകദിന സെമിനാർ സംഘടിപ്പിച്ചു.

മാഹി .സമകാലിക ഹിന്ദികവിതയുടെ ഭിന്നമുഖങ്ങൾ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി ഗവ. കോളേജ് ഹിന്ദിവിഭാഗം ഏകദിനസെമിനാർ സംഘടിപ്പിച്ചു. ഡോ.വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. എ. ജെ. ആരോകിയസാമി അദ്ധ്യക്ഷതവഹിച്ചു. ഡോ. ഇ. മിനി. ഡോ. കെ. കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹിന്ദിവിഭാഗം മേധാവി ഡോ. കെ. മഞ്ജുള സ്വാഗതവും ഡോ. ടി. കെ. ഗീത നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ഹിന്ദി സെമിനാർ മാഹി എം ജി.കോളജിൽ ഡോ: വി.രാമചന്ദ്രൻ എംഎൽഎ. ഉദ്ഘാടനം ചെയ്യുന്നു.