കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് ഭാരത് പെട്രോളിയം കോർപറേഷനുമായി ചർച്ച ചെയ്യുമെന്ന് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു. പ്ലാറ്റ് ഫോം നിർമ്മാണം സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഭാരത് പെട്രോളിയം കോർപറേഷൻ ഡിപ്പോയിലേക്കുള്ള ഇന്ധന സംഭരണ പൈപ്പ് ലൈൻ കടന്നു പോകുന്നത് നാലാം പ്ലാറ്റ്‌ഫോം സ്ഥാപിക്കേണ്ട സ്ഥലത്ത് കൂടെയാണ് . ഇത് മാറ്റിയാൽ മാത്രമേ പ്ലാറ്റ് ഫോം നിർമിക്കാനാകൂ. ഇക്കാര്യം നേരത്തെ ബി.പി.സി.എൽ അധികൃതരുടെ സംയുക്ത യോഗം ചർച്ച ചെയ്തിരുന്നു. ഉടൻ തന്നെ മറ്റൊരു സംയുക്ത യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യും. കണ്ണൂരിൽ രണ്ട് ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ പുതുതായി നിർമിച്ച സബ് വേയുടെ ചോർച്ചയടക്കം നിരവധി പരാതികളാണ് പി.കെ ശ്രീമതി എം.പിയടക്കമുള്ളവർ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠയുടെ ശ്രദ്ധയിൽപെടുത്തിയത്. സബ് വേയുടെ ചോർച്ച പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇക്കാര്യത്തിൽ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗിന് നിർദേശം നൽകി. റെയിൽവേ സ്റ്റേഷനിലെ പുതിയ ക്വാർട്ടേഴ്‌സുകൾ ഒരാഴ്ചയ്ക്കകം ജീവനക്കാർക്ക് താമസത്തിന് വിട്ടു കൊടുക്കും. നിലവിൽ ഭൂരിപക്ഷം ജീവനക്കാരും നൂറ് വർഷത്തോളം പഴക്കമുള്ള ചെറിയ ക്വാർട്ടേഴ്‌സുകളിലാണ് താമസിക്കുന്നത്. പുതിയ ക്വാർട്ടേഴ്‌സുകൾ താമസത്തിന് വിട്ടു നൽകുമ്പോൾ പഴയവ പൊളിച്ചു മാറ്റി പാർക്കിംഗും അനുബന്ധ സൗകര്യങ്ങൾക്കും ഉപയോഗിക്കും. ഇക്കാര്യം പരിഗണിക്കുമെന്ന് ജനറൽ മാനേജർ എം.പിക്ക് ഉറപ്പ് നൽകി. പാർക്കിംഗ് സംബന്ധമായ നിരവധി പരാതികളും ജനറൽ മാനേജർക്ക് ലഭിച്ചു. പാർക്കിംഗ് ഫീസ് കൂടുതലാണെന്നായിരുന്നു പ്രധാന പരാതി. വാഹനം പാർക്ക് ചെയ്ത് രസീത് ഉൾപ്പെടെയുള്ളവ ലഭിക്കാൻ താമസം നേരിടുന്നതിനാൽ ട്രെയിൻ കിട്ടാത്ത സാഹചര്യമുണ്ടെന്നും പരാതി ഉയർന്നു. മലബാറിലെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനു മെമു സർവിസ് കണ്ണൂരിലും ആരംഭിക്കണമെന്നു നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷിദ് കവ്വായി ജനറൽ മാനേജർക്കു നിവേദനം നൽകി.കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള വാർഷിക പരിശോധനയക്കെത്തിയതായിരുന്നു ഡി.ആർ.എം. മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, റെയിൽവേ കമേഴ്ഷ്യൽ മാനേജർ കൃഷ്ണൻ, സ്റ്റേഷൻ മാസ്റ്റർ മനോജ് എന്നിവരും സംബന്ധിച്ചു.