കൂത്തുപറമ്പ്: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് ശത്രുതാപരമായ നിലപാടാണെന്നും ശബരിമലയിൽ ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന എൽ.ഡി.എഫിനൊപ്പം വിശ്വാസികൾ അണിനിരക്കുമെന്നും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിന്റെ കേരള സംരക്ഷണ യാത്രക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ലീഡർ .
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് മാസങ്ങൾക്ക് മുൻപ് കേരളം സാക്ഷ്യം വഹിച്ചത്. എൽ .ഡി .എഫ് സർക്കാരിന്റെ ഇഛാശക്തിയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി നിരവധി പേർക്കാണ് പ്രളയാനന്തരം ജീവൻ തിരിച്ച് കിട്ടിയത്. കേരളത്തിന്റെ നട്ടെല്ല് തകർക്കുകയായിരുന്നു പ്രളയം. എന്നാൽ സംസ്ഥാനത്തിന് അർഹതപ്പെട്ട സഹായം പോലും നൽകാത്ത കേന്ദ്ര സർക്കാർ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കാതിരുന്നത് രാഷ്ട്രീയ നിലപാടിന്റെ പേരിലാണെന്നും കാനം ആരോപിച്ചു.
സംസ്ഥാനത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകാതെ വൈര്യ നിര്യാതനബുദ്ധി സ്വീകരിക്കുന്ന ബി.ജെ.പി.യെ സഹായിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്ത് ബാധ്യതയാണുള്ളത്. അതോടൊപ്പം പ്രളയകാലത്ത് ഒന്നായി നിന്ന ജനങ്ങളെ വിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ ശബരിമലക്കു വേണ്ടി മാറ്റി വച്ചിട്ടുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് വിഹിതമാണ്. അതിനാൽ കേരളത്തിലെ വിശ്വാസി സമൂഹം എൽ. ഡി.എഫിനൊപ്പമാണെന്നും കാനം രാജന്ദ്രൻ പറഞ്ഞു.
എൽ.ഡി.എഫ്. ധർമടം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. മമ്പറം ടൗണിന് സമീപം നടന്ന സ്വീകരണ യോഗത്തിൽ പ്രദീപ് പുതുക്കുടി അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ എം.വി.ഗോവിന്ദൻ ,അഡ്വ: പി. വസന്തം, എ.ജെ.ജോസഫ്, സി.കെ.നാണു എം.എൽ.എ., ഷെയ്ഖ് പി.ഹാരീസ്, എ.പി.അബ്ദുൾ വഹാബ്, ബാബു കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. മമ്പറം ടൗണിൽ നിന്നും മുത്തുകുടകളുടെയും, വാദ്യമേളത്തിന്റയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്.
കേരള സംരക്ഷണ ജാഥയെ പാനൂർ പാത്തിപ്പാലത്ത് നിന്ന് വാദ്യമേളങ്ങളുടെയും 40 ബൈക്കുകളുടെയു മകമമ്പടയോടെ ട്രഷറി പരിസരത്ത് നിന്ന് ആനയിച്ച് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നല്കി. മുൻ മന്ത്രി കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജാഥ ലീഡർകാനം രാജേന്ദ്രൻ, എം. വി. ഗോവിന്ദൻ എ.പി. അബ്ദുൾ വഹാബ് ഷെയ്ക്;പി.ഹാരിസ് എന്നിവർ സംസാരിച്ചു.കെ.കെ.പവിത്രൻ സ്വാഗതം പറഞ്ഞു.തലശ്ശേരിയിലെ സ്വീകരണത്തിന് ശേഷം കണ്ണൂരിലായിരുന്നു യാത്രയുടെ ഇന്നലത്തെ സമാപനം.
( കേരള സംരക്ഷണ യാത്രക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ കാനം രാജേന്ദ്രൻ സംസാരിക്കുന്നു)