ചെറുപുഴ: പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി കേരളാ കോൺഗ്രസ്സിലെ ഡെന്നി കാവാലത്തെ തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരെ പത്തു വോട്ടുകൾക്കാണ് ഡെന്നി കാവാലത്തെ തിരഞ്ഞെടുത്തത്. എൽ.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. എൽ.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി പി രാമചന്ദ്രനായിരുന്നു
വിജയിച്ച ഡെന്നി റിട്ടേണിങ്ങ് ഓഫീസർ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ ടി.ആർ.സുരേഷ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റു.പ്രസിഡന്റ് ജമീലാ കോളയത്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഒരു വർഷവും എട്ടു മാസവും പഞ്ചായത്ത് കോൺഗ്രസ്സിലെ വി.കൃഷ്ണൻനായിരുന്നു ചെറുപുഴ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. പ്രാദേശിക തലത്തിൽ കോൺഗ്രസും കേരളാ കോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യസത്തിനിടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെട്ടിരുന്നു. എൽ.ഡി.എഫ് പിന്തുണയോടെ കഴിഞ്ഞ 14 മാസം കേളാ കോൺഗ്രസ്സിലെ കൊച്ചുറാണി ജോർജ് പ്രസിഡന്റും എൽ.ഡി.എഫ് സ്വതന്ത്ര ജാൻസി ജോൺസൺ വൈസ് പ്രസിഡന്റുമായാണ് ഭരണം നടത്തിയിരുന്നത്.പ്രാദേശിക തലത്തിൽ കേരളാ കോൺഗ്രസ്സും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്‌നങ്ങൾ ധാരണയിലെത്തിയതോടെയാണ് ചെറുപുഴ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം തിരിച്ചു വന്നിരിക്കുന്നത്.19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. കോൺഗ്രസ് വിമതയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ ഇന്നലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
കുടിവെള്ള വിതരണം
കൂത്തുപറമ്പ്: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായി ഏർപ്പെടുത്തിയ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അദ്ധ്യക്ഷതയിൽ ടൗൺസ് ക്വയറിൽ നടക്കുന്ന പരിപാടി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.65000 ത്തോളം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്‌സി.എഞ്ചിനിയർ വി.കെ. രത്‌നകുമാർ, അസി.എക്‌സി എൻജിനിയർമാരായ കെ.അരുൺ, പി.പ്രദീപൻ, പി.ആർ.ദിനേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.