കണ്ണൂർ: സി.പി.ഐക്കും സി.പി.എമ്മിനും പ്രത്യേകം ശൈലിയുള്ളതുകൊണ്ടാണ് രണ്ടുപാർട്ടികളായി നിൽക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതിൽ ചില മേഖലകളിൽ യോജിച്ചുനീങ്ങുന്നതുകൊണ്ടാണ് എൽ.ഡി.എഫ് എന്ന സംവിധാനത്തിൽ പ്രവർത്തിക്കുന്നത്. എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐക്കും സി.പി.എമ്മിനും എല്ലാ കാര്യത്തിലും യോജിപ്പുണ്ടെങ്കിൽ അത് ഒറ്റപാർട്ടിയായി നിന്നാൽ പോരേ. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കണമെന്ന് സ്വപ്നം കാണാറുണ്ട്. സ്വപ്നം സാക്ഷാത്കരിക്കുമായിരിക്കുമെന്നും കാനം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളെ ഇടതുമുന്നണി അംഗീകരിക്കില്ല. പെരിയയിലെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസും സി.പി.എമ്മും കർശനനടപടി സ്വീകരിച്ചിട്ടുണ്ട്. സി.പി.എം പ്രതിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുമുണ്ട്. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നത് മുന്നണിയിൽ ആലോചിച്ചശേഷം തീരുമാനിക്കും.
സംസ്ഥാന സർക്കാർ ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വികസന അടിത്തറയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ മോദി ഒരു ഭാഗത്തും മറുഭാഗത്ത് ജനങ്ങളും എന്നതാണ് മുദ്രാവാക്യം. മോദിയെ പുറത്താക്കാനുള്ള തന്ത്രങ്ങൾക്ക് എൽ.ഡി.എഫ് രൂപം നൽകിയിട്ടുണ്ട്. കേന്ദ്രത്തിലെ കോൺഗ്രസിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ കോൺഗ്രസിന് നിറം മാറ്റമുണ്ട്. ശബരിമല പ്രശ്നത്തിൽ ബി.ജെ.പിയുമായി സന്ധി ചെയ്യുന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
ജാഥാംഗങ്ങളായ എം.വി. ഗോവിന്ദൻ, സി.കെ. നാണു എം.എൽ.എ, പി. വസന്തം എന്നിവരും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പുൽവാമ സംഭവം
പുൽവാമ സംഭവത്തിൽ സംശയകരമായ അനേകം സാഹചര്യമുണ്ട്. സാധാരണഗതിയിൽ സൈനികരുടെ വാഹനങ്ങൾ ശ്രീനഗറിലൂടെയും കാശ്മീരിലൂടെയും പോകുമ്പോൾ സിവിലിയൻമാരുടെ വാഹനം തടയാറുണ്ട്. എന്നാൽ ഇവിടെ അതു നടന്നില്ല. ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണമുണ്ടാകുമ്പോൾ സത്യം പുറത്തുവരുമെന്നും കാനം പറഞ്ഞു.