കണ്ണൂർ: കണ്ണൂർ സർവകലാശാല രജിസ്ട്രാർ രണ്ടാം ദിവസവും പുറത്തുതന്നെ. രജിസ്ട്രാർ ഡോ.ബാലചന്ദ്രൻ കീഴോത്തിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയെങ്കിലും അദ്ദേഹത്തിന് രണ്ടാം ദിവസവും ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. തിങ്കളാഴ്ച രാവിലെ ജോലിയിൽ പ്രവേശിക്കാൻ എത്തിയിരുന്നെങ്കിലും ഒാഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഒാഫീസിന് പുറത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്നു.
കോടതി ഉത്തരവും ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അപേക്ഷയുമായി ചൊവ്വാഴ്ചയും ഒാഫീസിൽ എത്തിയെങ്കിലും വൈകും വരെ വൈസ് ചാൻസിലറോ പ്രോ-വൈസ് ചാൻസിലറോ സർവകലാശാലയിൽ എത്തിയിരുന്നില്ല.എന്നാൽ രജിസ്ട്രാർ ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വി.സിക്കും സർവകാലശാലക്കുമെതിരെയുള്ള പരാമർശങ്ങൾ മാറ്റിക്കിട്ടാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും ഇതിനു ശേഷം മാത്രം ഇക്കാര്യത്തിൽ നടപടിയെടുത്താൽ മതിയെന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനമെന്നും പ്രോ- വൈസ് ചാൻസിലർ പി.ടി.രവീന്ദ്രൻ പറഞ്ഞു. ഇത് കോടതിയലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുമായി എത്തിയ ആളെ ജോലിയിൽ പ്രവേശിപ്പിക്കാത്തത് സർവകലാശാലയിലെ ആദ്യ സംഭവമാണെന്നും ഇത്തരം രാഷ്ട്രീയ കളിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു. വി.സിയുടെ ഒാഫീസിനു മുന്നിൽ സമരം ചെയ്ത ജീവനക്കാരുടെ പേരു വിവരങ്ങൾ നൽകുന്നത് വൈകിയെന്നാരോപിച്ചാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ പട്ടിക നൽകാൻ വൈകിയ കാരണം ചൂണ്ടിക്കാട്ടി നടപടിയെടുത്തത് സ്വേഛാപരമാണെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞത്. സിൻഡിക്കേറ്റ് അംഗങ്ങളുടെ ഭാവനയ്ക്കും താൽപ്പര്യങ്ങൾക്കുമനുസരിച്ച് വി.സിമാർ പ്രവർത്തിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.