പെരിയ (കാസർകോട്): ആ അച്ഛനമ്മമാരുടെ അലമുറകൾക്കു മുന്നിൽ ആശ്വാസവാക്കുകളില്ലാതെ ഉമ്മൻചാണ്ടി നിശ്ശബ്‌ദമിരുന്നു. അണമുറിഞ്ഞൊഴുകന്ന സങ്കടത്തിനു മുന്നിൽ എന്തു പറയാൻ? ഒടുവിൽ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് പാർട്ടിയുടെ എല്ലാ സഹായവും ഉറപ്പു നൽകിയ അദ്ദേഹം, ഇരുവരുടെയും കുഴിമാടങ്ങൾക്കരികിലെത്തി പുഷ്‌പാർച്ചന നടത്തി മടങ്ങി.
രാവിലെ ഒൻപതു മണിയോടെയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മകൻ ചാണ്ടി ഉമ്മനെയും കൂട്ടി എത്തിയത്. കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, അമ്മ ബാലാമണി, സഹോദരിമാർ, ബന്ധുക്കൾ... എല്ലാവരുമുണ്ടായിരുന്നു വീട്ടിൽ. മെല്ലെത്തുടങ്ങിയ കരച്ചിൽ, സങ്കടമൊതുക്കാനാവാത്ത പൊട്ടിക്കരച്ചിലായി മാറിയപ്പോൾ ആശ്വാസവാക്കുകൾക്കു പരതി ഉമ്മൻചാണ്ടിയും ഏറെനേരം ഒന്നും പറയാനാകാതെ അടുത്തിരുന്നു.
അരമണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം ശരത്‌ലാലിന്റെ വീട്ടിലേക്കു പോയത്. കൃപേഷിന്റെ വീട്ടിൽ നിന്ന് അര കിലോമീറ്ററേയുള്ളൂ ശരതിന്റെ വീട്ടിലേക്ക്. അവിടെ, അച്ഛൻ സത്യനാരായണയ്‌ക്കും ബന്ധുക്കൾക്കുമൊപ്പം ഏറെനേരം ചിലവഴിച്ച ശേഷമാണ് ഉമ്മൻചാണ്ടിയും മകനും മടങ്ങിയത്.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനു പുറമേ, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ. കെ.പി.സി.സി ഭാരവാഹികളായ കെ.പി കുഞ്ഞിക്കണ്ണൻ, എ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ഭാരവാഹികളായ പെരിയ ബാലകൃഷ്ണൻ, കെ.കെ രാജേന്ദ്രൻ, പി.കെ ഫൈസൽ, ധന്യ സുരേഷ്, ഗീതാകൃഷ്ണൻ, രാജൻ പെരിയ, സാജിദ് മൗവ്വൽ എന്നിവരും എത്തിയിരുന്നു.