കാസർകോട്: പെരിയ കല്യോട്ട് നിരപരാധികളായ രണ്ടു യുവത്വത്തെ ഇല്ലാതാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊലപാതകത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ച സി.പി.എമ്മിന്റെയും സർക്കാരിന്റെയും പ്രസ്താവനകൾ വിശ്വസനീയമല്ലാതായി. പ്രാദേശികമായ പ്രശ്‌നങ്ങളെ തുടർന്നാണ് രണ്ടുപേരും കൊലചെയ്യപ്പെട്ടതെന്ന സി.പി.എം നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വളരെയധികം പരിചയസമ്പന്നരായ പ്രൊഫഷണൽ സംഘം തന്നെയാണ് കൊല നടത്തിയതെന്ന് രീതികൾ പരിശോധിച്ചാൽ മനസിലാകും. കണ്ണൂരിൽ കൊലചെയ്യപ്പെട്ട പലരുടെയും കാര്യത്തിൽ ഈ രീതി തന്നെയാണ് എടുത്തിട്ടുള്ളത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സി.ബി .ഐയെ പോലുള്ള ഒരു ഏജൻസിയെ തന്നെ അന്വേഷണം ഏൽപ്പിക്കണം.
സി.പി.എമ്മിന്റെ സഹിഷ്ണുതയില്ലാത്ത നടപടി കാരണം രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അന്വേഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും യു.ഡി.എഫ് ഒരുക്കമല്ല. കേസിലെ മുഴുവൻ പ്രതികളെയും പുറത്തുകൊണ്ടുവരുന്നതുവരെ കോൺഗ്രസ് അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അന്വേഷണത്തിൽ രാഷ്ട്രീയമായ ഇടപെടലുകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.