കാസർകോട് : സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും കല്യോട്ട് ഇരട്ട കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും കാസർകോട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും കാസർകോട് കളക്ട്രേറ്റ് പരിസരത്ത് ഏകദിന ഉപവാസം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കൊലപതാകം നടത്തുകയും ആദ്യം നിഷേധിക്കുകയും പിന്നെ പാർട്ടിക്കാരുടെ കേസ് നടത്തുകയും ചെയ്യുന്നത് സി.പി.എം ശൈലിയാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടി പറഞ്ഞു. പെരിയ ഇരട്ടക്കൊലകേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സി.പി.എമ്മിന് തന്റേടമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
രണ്ടു യുവാക്കളെ കൊന്നതിനു പിന്നിൽ സി.പി.എമ്മിന്റെ ഉന്നതനേതാക്കൾക്ക് ബന്ധമുണ്ടെന്നും നാടിന് ഭീഷണിയായ ഈ കൊലക്കത്തിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഉപവാസത്തിൽ വൈകന്നേരം വരെ അദ്ദേഹം പങ്കെടുത്തു.
ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ, സതീശൻ പാച്ചേനി, എ. പി അബ്ദുള്ളകുട്ടി , കെ.എൽ പൗലോസ് , പെരിയ ബാലകൃഷ്ണൻ , രതികുമാർ, എ. നീലകണ്ഠൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സി.ടി അഹമ്മദലി, എം.സി ഖമറുദ്ധീൻ, എ. ഗോവിന്ദൻ നായർ, ചാണ്ടി ഉമ്മൻ, സുബ്ബയ്യ റായ്, എം.സി ജോസ്, പി.എ അഷ്‌റഫലി, സജിത് മൗവ്വൽ തുടങ്ങിയവർ പ്രസംഗിച്ചു. എം.സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നാളെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും.
പടം ..കൊലയാളി രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കാസർകോട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ഉപവാസം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു