നീലേശ്വരം: പ്രൈമറി ഹെൽത്ത് സെന്റർ താലൂക്ക് ആശുപതിയായി ഉയർത്തിയിട്ട് 12 വർഷമായിട്ടും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ആശ്രയം ജില്ലാ ആശുപത്രി തന്നെ.

അന്നത്തെ എം.എൽ.എ. കെ.കുഞ്ഞിരാമനാണ് താലൂക്ക് ആശുപത്രിയായി ഉയർത്താൻ മുൻകൈ എടുത്തത്. പ്രൈമറി ഹെൽത്ത് സെന്ററായി പ്രവർത്തിച്ചിരുന്നപ്പോൾ കുറച്ചുകാലം ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം ഷെഡും അന്ന് നിലവിലുണ്ടായിരുന്നു. ഈ ഷെഡ് കാലപ്പഴക്കത്താൽ നശിച്ചുപോയതോടെ ഇവിടത്തെ പോസ്റ്റ്‌മോർട്ടം നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെ നീലേശ്വരം നഗരസഭ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, മടിക്കൈ, കോടോം-ബേളുർ എന്നീ പഞ്ചായത്തിലുള്ളവർക്ക് അപകടമരണം സംഭവിച്ചാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെയോ പരിയാരം മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് ഈ പ്രദേശത്തുള്ളവർക്ക് സമയനഷ്ടവും ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നു.

ജില്ലാ ആശുപത്രിയിൽ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തുന്നതിനാൽ പോസ്റ്റ്‌മോർട്ടം ചെയ്തുകിട്ടണമെങ്കിൽ മണിക്കൂറുകളും ദിവസങ്ങളും വേണ്ടിവരുന്നു.

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം പണിയുന്നുണ്ടെങ്കിലും അത് എന്ന് തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല. പുതിയ കെട്ടിടം തുറന്നാൽ ഇവിടെ പോസ്റ്റ്‌മോർട്ടം പുനരാരംഭിക്കമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.